കോഴിക്കോട് : ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയിൽ കേരളത്തിന്റെ വികസനവും നിർണായകമാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. കേരളം വികസിച്ചാൽ മാത്രമേ ഇന്ത്യ വികസിക്കുകയുള്ളൂ. അതിനാൽ വികസന പ്രക്രിയയിൽ നമ്മൾ പങ്കാളിയാകുകയും രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പിൻതുണയ്ക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് റോഡ് ഷോയിൽ പങ്കെടുക്കയായിരുന്നു ജെ പി നദ്ദ.
പ്രധാനമന്ത്രിയുടെ 10 വർഷത്തെ ഭരണത്തിൽ ഇന്ത്യ 11 -ാ മത്തെ സാമ്പത്തിക ശക്തിയിൽ നിന്ന് അഞ്ചാം സാമ്പത്തിക ശക്തിയിലേക്ക് മാറി. ഇതെല്ലാം പ്രധാനമന്ത്രിയുടെ കഠിനാധ്വാനം കൊണ്ടാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. മോദി മൂന്നാമത്തെ തവണ അധികാരത്തിൽ കയറുമ്പോൾ ഭാരതം മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറും. ഇത് മോദിയുടെ ഗ്യാരന്റിയാണെന്ന് അദ്ദേഹം പറഞ്ഞു. 10 വർഷത്തെ മോദിയുടെ ഭരണാനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് താൻ ഇത് പറയുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
543 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏഴ് ഘട്ടങ്ങളിലാണ് ഇക്കുറി തിരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടം ഏപ്രിൽ 19 ന് നടക്കും. ജൂൺ നാലിനാണ് വോട്ടെണ്ണൽ. ഏപ്രിൽ 26 നാണ് കേരളത്തിൽ തിരഞ്ഞെടുപ്പ്.
Discussion about this post