ഇടുക്കി: ഈ വർഷത്തെ മംഗളാദേവി ചിത്രാപൗർണമി ഉത്സവം ഏപ്രിൽ 23ന് നടക്കും. ഉത്സവത്തിനായുള്ള ഒരുക്കങ്ങൾ ഇതിനോടകം ആരംഭിച്ചു. ഇതിന് മുന്നോടിയായി ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ ഏപ്രിൽ 13ന് കുമളി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ സംയുക്ത യോഗം ചേരും.
കേരള, തമിഴ്‌നാട് സർക്കാരുകൾ ഒരുമിച്ച് നടത്തുന്ന ഉത്സവമാണ് മംഗളാദേവ ചിത്രാപൗർണമി. പെരിയാർ വന്യജീവി സംരക്ഷണ കേന്ദ്രത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഭക്തർക്ക് സന്ദർശന അനുമതി. പരിസ്ഥിതി സൗഹൃദമായി വനത്തിന്റെയും ക്ഷേത്രത്തിന്റെയും സംരക്ഷണത്തിനും ഭക്തരുടെ സുരക്ഷയ്ക്കും മുൻതൂക്കം നൽകിയാകും ഇത്തവണയും ഉത്സവം നടത്തുക.
ഒരുക്കങ്ങൾ വിലയിരുത്താൻ ഇടുക്കി സബ് കളക്ടർ ഡോ അരുൺ എസ് നായരുടെ നേതൃത്വത്തിലുള്ള സംഘം മംഗളാദേവി ക്ഷേത്രം സന്ദർശിച്ചു. എഡിഎം ജ്യോതി. ബി, പീരുമേട് തഹസിൽദാർ സണ്ണി ജോർജ്, കുമളി വില്ലേജ് ഓഫീസർ, വനം – റവന്യു വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും കളക്ടറോടൊപ്പം ക്ഷേത്രത്തിൽ എത്തിയിരുന്നു.
Discussion about this post