കേരളത്തിലെ വിദ്യാർത്ഥികളുടെ സ്വഭാവത്തിൽ ഉണ്ടായിരിക്കുന്ന മാറ്റത്തെ കുറിച്ച് ഒരു അദ്ധ്യാപകൻ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് ഇൻവിജിലേഷന് പോയപ്പോൾ ഉണ്ടായ ദുരനുഭവം ആണ് ഡോ. എസ് വിക്രമൻ എന്ന വ്യക്തി വിക്രമൻ തൃവിഷ്ടാപം എന്ന തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇത് തന്റെ മാത്രം അനുഭവം അല്ലെന്നും സംസ്ഥാനത്തെ പല ഹയർ സെക്കൻഡറി സ്കൂളുകളിലും അദ്ധ്യാപകർ നേരിടുന്നത് ഇത്തരം ദുരനുഭവങ്ങൾ ആണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
സമൂഹമാദ്ധ്യമ പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,
ഈ നാട് എങ്ങോട്ടാണ് ?
ഇരുപത്തഞ്ച് വർഷത്തിലേറെയായി അദ്ധ്യാപന രംഗത്ത് എത്തിയിട്ട്. ഓരോ വർഷം കഴിയുന്തോറും നമ്മുടെ കുട്ടികളുടെ സ്വഭാവമാറ്റം ഭീതിയോടെയേ കാണാനാവൂ.ഏതാണ്ട് 2008-09 മുതലാണ് ഈ മാറ്റമെന്നത് പ്രത്യേകം പറയട്ടെ.
കാര്യത്തിലേയ്ക്ക് വരാം…
ഈ വർഷത്തെ ഹയർ സെക്കണ്ടറി പരീക്ഷയുടെ ഇൻവിജിലേഷൻ ഡ്യൂട്ടി കോഴിക്കോട് നഗരത്തിലെ ഒരു പ്രശസ്ത സ്കൂളിലായിരുന്നു.
രണ്ടാം വർഷ കൊമേഴ്സ് പരീക്ഷയുടെ ആദ്യ ദിനം. കയറി ചെന്നപ്പോൾ കാണുന്നത് ക്ളാസ് മുറിയിലെ ഭിത്തിയിൽ നാലു വശത്തും മുഴുവൻ കോപ്പിയെഴുതി വച്ചിരിക്കുന്നതാണ്.നാലു വശത്തു നിന്നും ബെഞ്ചും ഡസ്കും കഴിയുന്നത്ര നടുക്കേയ്ക്ക് ഞാൻ മാറ്റിയിട്ടു. അപ്പോഴേ നാലഞ്ച് ആൺകുട്ടികൾ പൊറു പൊറുക്കാനും അസ്വസ്ഥരാവാനും തുടങ്ങി. ചോദ്യക്കടലാസ് കൊടുത്ത വഴിയേ കഥകളിയും തുടങ്ങി. ‘അറിയാവുന്നത് എഴുതുക, കോപ്പിയടി, സംസാരങ്ങൾ ഒന്നും അനുവദിക്കില്ല’ എന്ന് ഞാൻ എല്ലാവരോടുമായി പറഞ്ഞു. ഏറ്റവും പുറകിൽ മൂലയ്ക്ക് ഇരിക്കുന്ന കുട്ടിക്ക് തൊട്ട് മുൻ ബഞ്ചിലിരുന്ന കുട്ടി എഴുതിയ ഉത്തരം പേപ്പർ പൊക്കിപ്പിടിച്ച് കാണിച്ചു കൊടുക്കാൻ ശ്രമിച്ചു.ഞാൻ കൈ കൊണ്ട് ആംഗ്യം കാണിച്ച് പാടില്ലെന്ന് വിലക്കി.ഞാൻ മാറിയപ്പോൾ പിന്നെയും പഴയ പണി. ഞാനടുത്ത് ചെന്ന് “പേപ്പർ പൊക്കി പിടിച്ച് സമയം കളയാതെ എഴുതുക ” എന്നു പറഞ്ഞു. വേറെ രണ്ട് മൂന്ന് പേരുടെ കോപ്പിയടി ശ്രമങ്ങളും ഇതിനോടകം തടഞ്ഞു. ഞാൻ മാറിക്കഴിഞ്ഞപ്പോൾ വീണ്ടും പഴയ പണി ആ കുട്ടി നടത്തി. ഇനിയും ഇതാവർത്തിക്കരുത് എന്ന് പറഞ്ഞ ഉടനെ ആ കുട്ടി ദേഷ്യപ്പെട്ടു. “എൻ്റെ പേപ്പർ ഞാൻ പൊക്കുന്നതിന് ഇയാൾക്കെന്താണ്.?” എന്നു ചോദിച്ചു. “നീ പൊക്കി കാണിക്കുന്നത് നോക്കി പുറകിലിരിക്കുന്ന കുട്ടി എഴുതുന്നതാണ് എന്റെ പ്രശ്നം, അതിനാലാവർത്തിക്കരുത് ” എന്ന് ഞാൻ പറഞ്ഞു. ഞാൻ പറഞ്ഞത് കൂട്ടാക്കാതെ വീണ്ടും അയാൾ പൊക്കിക്കാണിച്ചപ്പോൾ, പുറകിലിരുന്ന കുട്ടിയോട് മറ്റൊരു സ്ഥലത്തേയ്ക്ക് മാറിയിരുക്കാൻ ഞാൻ ആവശ്യപ്പെട്ടു. ഉടനെ ആ കുട്ടി ചാടിയെഴുന്നേറ്റ് ആക്രോശിച്ചു കൊണ്ട് “താൻ വന്നപ്പോൾത്തന്നെ തുടങ്ങിയതാണല്ലോ സൂക്കേട്, നിനക്ക് ജീവിക്കണമെന്നില്ലേ, ഈ ക്ളാസ് മുറി വിട്ട് നീ പുറത്ത് പോകിേല്ല ഞങ്ങളെ കോപ്പിയടിക്കാൻ അനുവദിച്ചില്ലേൽ.ഞങ്ങളെ നിനക്കറിയില്ല” എന്നൊക്കെ പറയാൻ തുടങ്ങി ( പിന്നെ പറഞ്ഞതെല്ലാം ഇവിടെ കുറിക്കാനാവില്ല.) അപ്പോഴേയ്ക്കും മറ്റു നാല് കുട്ടികളും ആ കുട്ടിയും കൂടി അസഭ്യം പറയാനും ഭീഷണിപ്പെടുത്താനും തുടങ്ങി.ഞാനൊരു മറുപടിയും പറയാതെ “താങ്കൾ ഇവിടെ വന്നിരുന്ന് പരീക്ഷയെഴുതൂ ” എന്ന് മാത്രം പറഞ്ഞു. ആ കുട്ടി അവിടെ മാറിയിരുന്ന് എഴുതുകയല്ല എന്നെ ചീത്ത വിളിക്കുകയാണ് ചെയ്തത്.
പരീക്ഷ ചീഫും പ്രിൻസിപ്പലുമായ സാറിനോട് ഞാൻ ഉണ്ടായ കാര്യങ്ങൾ അറിയിച്ചു. സാറ് ആ കുട്ടിയോട് അറിയാവുന്നതെഴുതെന്നും വിഷയമുണ്ടാക്കല്ലെയെന്നും വിനീതമായി പറഞ്ഞപ്പോൾ “എനിക്ക് ഒന്നും അറിയില്ല, ഞാൻ കോപ്പിയടിച്ചില്ലേൽ തോറ്റു പോകുമെന്നും ഇവനിതിന് സമ്മതിച്ചില്ലേൽ ഇവനെ ഞാൻ വിടില്ലെന്നും “ഒക്കെയാണ് അവൻ പറഞ്ഞത്.സാറ് ആ കുട്ടിയോട് ഭീതിയോടെ സംസാരിക്കുന്നതാണ് ഞാൻ കണ്ടത്.തുടർന്ന് സാർ പോയിക്കഴിഞ്ഞപ്പോൾ വീണ്ടും ചീത്ത വിളികളും ഭീഷണിയും തുടർന്നു.പരീക്ഷ തീരുന്നതിന് അര മണിക്കൂർ മുമ്പ് ഉള്ള ബെല്ല് അടിച്ചതും ആ പ്രശ്നക്കാരായ കുട്ടികളെല്ലാം പോകണമെന്ന് തിടുക്കം കൂട്ടി.അര മണിക്കൂർ കൂടിയുണ്ടെന്നും നിർബന്ധമാണെങ്കിൽ വിടാമെന്നും ഞാൻ പറഞ്ഞു. അവരെല്ലാം പേപ്പർ തന്ന് പുറത്തിറങ്ങി.അവർ പോയില്ല എന്ന് മാത്രമല്ല ജനാലയ്ക്കരുകിൽ വരാന്തയിൽ നിന്ന് അസഭ്യവർഷവും ഭീഷണിയും തുടർന്നു.ഞാൻ കേൾക്കാത്ത ഭാവത്തിൽ നിന്നു. അടുത്ത ഹാളിലെ അധ്യാപകൻ നാല് വട്ടം വന്ന് അവരോട് അവിടെ നിന്ന് പോകാൻ പറഞ്ഞു.
പിന്നീട് പ്രിൻസിപ്പൽ വന്ന് ഏറ്റവും വലിയ പ്രശ്നക്കാരനെ തോളിൽ കൈയിട്ട് വാ മോനെ വാടാ എന്ന് പറഞ്ഞ് (പ്രശസ്തമായ ഒരു രംഗത്തിൻ്റെ ഓർമ്മ അത് എന്നിലുണർത്തി) കൊണ്ടുപോകാൻ ശ്രമിച്ചു.പോകുന്ന വഴി വാതിൽക്കൽ വന്നപ്പോൾ ആ കുട്ടി ക്ളാസിലേയ്ക്ക് അല്പം കയറി നിന്ന് എൻ്റെ നേരെ കൈ ചൂണ്ടിയിട്ട് “ഞാൻ താഴേയ്ക്ക് പോകുകയാണ്. നീ താഴേയ്ക്ക് വാ (മൂന്നാം നിലയിലാണ് റൂം) നിന്നെ അവിടെ വെച്ച് എടുത്തോളാം” എന്ന് പറഞ്ഞു. പ്രിൻസിപ്പൽ വീണ്ടും തോളിൽ കൈയിട്ട് വാ മോനെ എന്ന് പറഞ്ഞ് അവനെ അവിടെ നിന്നും കൊണ്ടുപോയി.
പരീക്ഷ കഴിഞ്ഞ് ഇറങ്ങി വന്നപ്പോൾ എൻ്റെ സഹപാഠിയും സുഹൃത്തും ജനകീയനുമായ സ്ഥലം കൗൺസിലറെ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞു.’ പേപ്പർ കൊടുത്ത് പ്രിൻസിപ്പലിനോട്, ഇതൊന്നും ശരിയല്ല എന്നും ഞങ്ങൾക്ക് പ്രൊട്ടക്ഷൻ നല്കണമെന്നും ഞാനും എല്ലാത്തിനും സാക്ഷിയായിരുന്ന അദ്ധ്യാപകനും പറഞ്ഞു. പ്രിൻസിപ്പലിൻ്റെ നിസ്സഹായ അവസ്ഥ ഞങ്ങൾക്കും ബോദ്ധ്യമായി.
അപ്പോഴേയ്ക്കും കൗൺസിലർ അഞ്ചാറ് ആൾക്കാരുമായി വന്നു.തുടർന്ന് ഞങ്ങൾ പുറത്തേയ്ക്ക് ഇറങ്ങി. അപ്പോൾ കണ്ടത് ഗെയ്റ്റിന് ഇരുവശത്തും ഒരു അമ്പത് മീറ്റർ മാറി ഇവർ രണ്ടായി തിരിഞ്ഞ് കുട്ടികളെ സംഘടിപ്പിച്ച് നില്ക്കുന്നതാണ്. കൗൺസിലർ എന്നെ അദ്ദേഹത്തിൻ്റെ വണ്ടിയിൽക്കയറ്റി സുരക്ഷിത സ്ഥാനത്തെത്തിച്ചു.പുറകെ കുറച്ചിട അവർ ബൈക്കിൽ വന്നു. കൂടുതൽ പിൻതുടർന്നില്ല. പിറ്റേന്ന് മാനേജർ ഉൾപ്പെടെ ഇടപെട്ട് ഈ കുട്ടികളുടെ വീട്ടിൽ നിന്ന് രക്ഷകർത്താക്കളേയും കുട്ടികളേയും വിളിപ്പിക്കുകയും കുട്ടികളേക്കൊണ്ട് മാപ്പെഴുതിക്കുകയും ഇനി പ്രശ്നമുണ്ടാക്കരുത് എന്ന് പറഞ്ഞു വിടുകയും ചെയ്തതായി അറിഞ്ഞു. പരീക്ഷ തീരുന്ന ദിവസം എന്നെ പിടിക്കാൻ പ്ളാനിടുന്നതായി അറിഞ്ഞ് ഞാൻ പി.ടി.എ. പ്രിസിഡണ്ടിനെ ആ കാര്യമറിയിച്ചു. അദ്ദേഹം ഏകദേശം അമ്പതോളം രക്ഷകർത്താക്കളെ വിളിച്ചു വരുത്തുകയും എനിക്ക് സുരക്ഷിതമായി പോകാൻ അവസരം ഉണ്ടാക്കിത്തരുകയും ചെയ്തു.
ഇത് ഒറ്റപ്പെട്ട സംഭവം എന്ന് പറഞ്ഞ് ലഘൂകരിക്കുന്നവരോട്.
ഇന്നലെ സ്കൂളിൽ തിരിച്ചെത്തിയ ഞങ്ങൾ അദ്ധ്യാപകർ അനുഭവങ്ങൾ പങ്കിട്ടു.ഇത്ര ഭീകര പ്രശ്നത്തെ എനിക്ക് മാത്രമേ നേരിടേണ്ടി വന്നുള്ളൂ. എന്നാലും കോപ്പിയടിക്കാൻ സമ്മതിക്കാത്ത മൂന്ന് ടീച്ചർമാർ പുറത്തിറങ്ങിയപ്പോൾ നല്ല തെറി കേട്ടു എന്ന് പറയുകയുണ്ടായി. ഒരു ടീച്ചർ അല്പം കൂടുതലും പറഞ്ഞു.. അത് പറയാം.
ഒരു കുട്ടി നോക്കിയെഴുതുന്നത് തടയാനായി നീങ്ങിയിരിക്ക് എന്ന് ഒന്നു രണ്ട് വട്ടം പറഞ്ഞു. അപ്പോഴെല്ലാം ” ടീച്ചറിനെന്നാ “എന്ന് ചോദിച്ച് അവൻ ദേഷ്യപ്പെട്ടു. പിന്നെയും നോക്കിയെഴുതിയപ്പോൾ “അല്പം ഇങ്ങ് മാറിയിരിക്ക് ” എന്ന് ടീച്ചർ വീണ്ടും പറഞ്ഞ ഉടനെ ആ കുട്ടി ” എന്നാ ടീച്ചറിൻ്റെ കാലിൻ്റെടെയ്ക്കേക്ക് ഇരിക്കാം” എന്ന് പറഞ്ഞത്രേ. പാവം ടീച്ചർ എന്തു ചെയ്യാൻ….









Discussion about this post