കോഴിക്കോട് : കോഴിക്കോടുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്ലാന്റിന് സമീപം അജ്ഞാതൻ തീയിട്ടു. ഫറോക്കിലുള്ള ഐഒസിയുടെ കോഴിക്കോട് ഡിപ്പോയ്ക്ക് സമീപമുള്ള റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന് അരികിലാണ് തീയിട്ടിരുന്നത്. രാത്രിയിൽ തീ കത്തുന്നത് കണ്ട് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മീഞ്ചന്തയിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്.
റെയിൽവേയുടെ ഉടമസ്ഥതയിലുള്ള കേബിളുകൾ ആണ് കൂട്ടിയിട്ട് കത്തിച്ചത്. 50 കിലോയോളം വരുന്ന കേബിളുകളാണ് ഇത്തരത്തിൽ കത്തിച്ചത്. തീ കത്തുന്നത് കണ്ട് നാട്ടുകാർ ഉടൻതന്നെ തീ അണക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയും അഗ്നി രക്ഷാ സേനയെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു. ഉടൻതന്നെ മീഞ്ചന്തയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി.
തീയിട്ട സ്ഥലത്തിന് ചുറ്റുമായി ഉണങ്ങിനിൽക്കുന്ന അടിക്കാടുകൾ ഉള്ളതാണ് സുരക്ഷാ ഭീഷണി ഉണ്ടാക്കിയത്. തീ ഈ അടിക്കാടുകളിലേക്ക് പടർന്നിരുന്നെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പ്ലാന്റിലേക്ക് വ്യാപിച്ച് വൻ ദുരന്തത്തിന് തന്നെ കാരണമായേനെ. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളതായി റെയിൽവേ സുരക്ഷാസേന അറിയിച്ചു.
Discussion about this post