2026 ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്ന താരത്തെയും കൂടുതൽ റൺസ് നേടുന്ന താരത്തെയും പ്രവചിച്ച് ഓസ്‌ട്രേലിയൻ ഇതിഹാസ താരം ഗ്ലെൻ മഗ്രാത്ത് ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്തെത്തി. വരാനിരിക്കുന്ന ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ വിക്കറ്റ് വേട്ടയിൽ ഒന്നാമതെത്തുമെന്നാണ് മഗ്രാത്തിന്റെ പ്രവചനം.
111 മത്സരങ്ങളിൽ നിന്ന് 187 വിക്കറ്റുകളുമായി ടി20 ക്രിക്കറ്റിലെ എക്കാലത്തെയും വലിയ വിക്കറ്റ് വേട്ടക്കാരനായ റാഷിദിനെ മറികടക്കുക എളുപ്പമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ജസ്പ്രീത് ബുംറ, ജോഷ് ഹേസൽവുഡ്, ആദം സാംപ എന്നിവരെയും മഗ്രാത്ത് പരിഗണിക്കുന്നു.
മുൻ താരം ജേസൺ ഗില്ലസ്പി ഇംഗ്ലണ്ടിന്റെ സാം കറനെയാണ് ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമായി തിരഞ്ഞെടുത്തത്. 2022 ലെ ലോകകപ്പിൽ ആറ് മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റുകൾ നേടിയ ഇടംകൈയ്യൻ പേസർ ആയിരുന്നു ടൂർണമെന്റിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരൻ. ഇംഗ്ലണ്ട് അവരുടെ രണ്ടാം ടി20 ലോകകപ്പ് കിരീടം നേടിയപ്പോൾ കറൻ ടൂർണമെന്റിലെയും താരമായിരുന്നു.
ഓസ്‌ട്രേലിയയുടെ മുൻ താരമായ ഡാമിയൻ ഫ്ലെമിംഗ് ഉൾപ്പെടെയുള്ളവർ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെയാണ് ഒന്നാമനായി കാണുന്നത്. 2024 ടി20 ലോകകപ്പിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റായിരുന്ന ജസ്പ്രീത് ബുംറ ഇന്ത്യയുടെ കിരീട പ്രതിരോധത്തിൽ നിർണ്ണായക പങ്കുവഹിക്കുമെന്ന് എല്ലാവരും ഒരേപോലെ വിശ്വസിക്കുന്നു. ഫെബ്രുവരി 7-നാണ് ലോകകപ്പ് ആവേശത്തിന് തുടക്കമാകുന്നത്. അതേസമയം റൺസ് നേടുന്ന കാര്യത്തിൽ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മയെയാണ് മഗ്രാത്തും ഫ്ലെമിംഗും പിന്തുണയ്ക്കുന്നത്. ടി20 റാങ്കിംഗിൽ ഒന്നാമനായ അഭിഷേക് 195 സ്ട്രൈക്ക് റേറ്റിൽ 1,300-ഓളം റൺസ് ഇതിനോടകം നേടിയിട്ടുണ്ട്. 2025 ഏഷ്യാ കപ്പിലെ തകർപ്പൻ പ്രകടനം താരത്തിന് വലിയ ആത്മവിശ്വാസം നൽകുന്നു.












