ജോർഹട്ട്: അരുണാചൽ പ്രദേശിലെ ചില സ്ഥലങ്ങൾക്ക് ചൈന അവരുടെ നാട്ടിൽ പേര് മാറ്റിയ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ് നാഥ് സിംഗ്. ഇന്ത്യയെ സംബന്ധിച്ച് ചൈനക്ക് എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കിൽ അത് മാറ്റി വയ്ക്കാൻ പറഞ്ഞ രാജ് നാഥ് സിംഗ്, ഇന്ത്യയുടെ അഭിമാനത്തിന് ക്ഷതം വരുത്തുന്ന പ്രവൃത്തി ആര് ചെയ്താലും അതിനു തക്കതായ മറുപടി പറയാനുള്ള ശേഷി ഇന്ന് രാജ്യത്തിനുണ്ടെന്ന് തുറന്നടിച്ചു.
എല്ലാ അയൽരാജ്യങ്ങളുമായും സൗഹൃദബന്ധം നിലനിർത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാൽ ഇന്ത്യയുടെ അഭിമാനത്തെ വ്രണപ്പെടുത്താൻ ആരെങ്കിലും ശ്രമിച്ചാൽ അതിന് തക്കതായ മറുപടി നൽകാനുള്ള ശേഷി നമുക്കുണ്ട്. ഇന്ത്യയെ പറ്റി എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കിൽ അത് മാറ്റി വയ്ക്കുന്നതായിരിക്കും ചൈനക്ക് നല്ലത്; രാജ് നാഥ് സിംഗ് പറഞ്ഞു.
“അടുത്തിടെ ചൈന അവരുടെ വെബ്‌സൈറ്റുകളിലൊന്നിൽ അരുണാചൽ പ്രദേശിൻ്റെ ചില ഭാഗങ്ങളുടെ പേര് മാറ്റി. അത്തരം പേരുമാറ്റത്തിൽ നിന്ന് അവർക്ക് ഒന്നും ലഭിക്കാൻ പോകുന്നില്ല . എനിക്ക് നമ്മുടെ അയൽക്കാരനോട് ചിലത് പറയാൻ ആഗ്രഹമുണ്ട്, നാളെ നമ്മൾ അവരുടെ ചില പ്രദേശങ്ങളുടെയും സംസ്ഥാനങ്ങളുടെയും പേര് മാറ്റിയാലോ? പേരുമാറ്റം കൊണ്ട് ആ സ്ഥലങ്ങൾ നമ്മുടേതാകുമോ? ചൈനയ്ക്ക് അത്തരം തെറ്റിദ്ധാരണകൾ ഉണ്ടാകരുത്, ”അരുണാചൽ പ്രദേശിലെ നാംസായിൽ ഒരു പൊതുയോഗത്തിൽ സിംഗ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള സർക്കാർ കോൺഗ്രസിൻ്റെ തെറ്റുകൾ തിരുത്തിയെന്നും അരുണാചൽ പ്രദേശിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയെന്നും സിംഗ് പറഞ്ഞു. നമ്മുടെ തന്ത്രപ്രധാനമായ സ്വത്ത് എന്ന് അരുണാചൽ ജനതയെ വിശേഷിപ്പിച്ച അദ്ദേഹം, ചൈനീസ് ആക്രമണ സമയത്ത് അവർ പ്രകടിപ്പിച്ച ധീരതയെ അഭിനന്ദിക്കാനും മറന്നില്ല
Discussion about this post