തൃശ്ശൂർ : തൃശ്ശൂരിലെ കിള്ളിമംഗലത്തുള്ള പുൽപ്പായ നെയ്ത്ത് സഹകരണ സംഘം നിർമ്മിക്കുന്ന കിള്ളിമംഗലം പുൽപ്പായക്ക് ദേശീയതലത്തിൽ നിന്നും അംഗീകാരം. ഇന്ത്യയിലെ സംരക്ഷിക്കപ്പെടേണ്ട പാരമ്പര്യ കരകൗശല ഉത്പന്നമായി കിള്ളിമംഗലം പുൽപ്പായയെ തിരഞ്ഞെടുത്തു. രണ്ടുവർഷത്തോളം നീണ്ട പഠനങ്ങൾക്ക് ശേഷമാണ് ഇങ്ങനെയൊരു അംഗീകാരം കിള്ളിമംഗലം പുൽപ്പായയെ തേടിയെത്തുന്നത്.
2022ൽ തൃശ്ശൂർ കരകൗശല ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടർ ആയ ഡോ. സജി പ്രഭാകരന്റെ നേതൃത്വത്തിൽ ആയിരുന്നു കിള്ളിമംഗലം പുൽപ്പായ ദേശീയ ശ്രദ്ധയിലേക്ക് എത്തിച്ചത്. സംരക്ഷിത പാരമ്പര്യ കരകൗശല ഉൽപ്പന്നമാക്കാൻ അപേക്ഷ നൽകിയശേഷം രണ്ടുവർഷത്തോളം ദേശീയതലത്തിൽ നിന്നും ഈ പുൽപ്പായയെ കുറിച്ച് പരിശോധനകളും പഠനങ്ങളും നടന്നു. മുത്തങ്ങ പുല്ല് ഉപയോഗിച്ചാണ് കിള്ളിമംഗലം പുൽപ്പായകൾ നിർമ്മിക്കുന്നത്. മികച്ച ഈടും ഉറപ്പും ബലവും ഉള്ളവയാണ് ഈ പുൽപ്പായകൾ.
ഒരാഴ്ച വരെ സമയം എടുത്താണ് ഓരോ കിള്ളിമംഗലം പുൽപ്പായയും നിർമ്മിക്കപ്പെടുന്നത്. ദിവസം 200 രൂപയ്ക്ക് താഴെ മാത്രം വരുമാനമാണ് ഈ തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് ലഭിക്കുന്നത്. എന്നാൽ കിളിമംഗലം പുൽപ്പായയെ സംരക്ഷിക്കുക എന്ന ലക്ഷ്യം കൊണ്ട് മാത്രമാണ് ഇവർ ഇപ്പോഴും ഈ ജോലി തുടരുന്നതെന്ന് കിള്ളിമംഗലം പുൽപ്പായ നെയ്ത്ത് സഹകരണ സംഘം വ്യക്തമാക്കുന്നു. 25 വർഷം മുതൽ 30 വർഷം വരെ കേടുകൂടാതെ ഇരിക്കുന്നവയാണ് കിള്ളിമംഗലം പുൽപ്പായകൾ.
![data":[],"source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}](https://braveindianews.com/wp-content/uploads/2024/04/psx_20240409_225842-750x422.jpg)







