ന്യൂഡൽഹി: ഇന്ത്യയുടെ ദേശീയ ബോധത്തിൽ ഭഗവാൻ ശ്രീരാമന്റെ നാമം മുദ്ര ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമന്റെ ജീവിതം രാജ്യത്തിന്റെ സാംസ്‌കാരിക ഉയർച്ചയിൽ ചിന്തയും മൂല്യവും നിറച്ചു. നമ്മുടെ പുണ്യഭൂമിയിലുടനീളം രാമനാമം പ്രതിധ്വനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ മാഗസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം അയോദ്ധ്യ രാമക്ഷേത്രത്തിനൈ കുറിച്ച് വാചാലനായത്.
ഭഗവാൻ ശ്രീരാമന്റെ ജീവിതം ഇന്ത്യയുടെ സാംസ്‌കാരികമായ ഉയർച്ചയിൽ ചിന്തയും മൂല്യവും നിറച്ചു. നമ്മുടെ പുണ്യഭൂമിയുടെ ഓരോ ശ്വാസത്തിലും രാമനാമം പ്രതിധ്വനിക്കുകയാണ്. എന്റെ പതിനൊന്ന് ദിവസത്തെ വ്രതാനുഷ്ടാനങ്ങൾക്കിടയിൽ രാമന്റെ പാദം പതിഞ്ഞ സ്ഥലങ്ങളിലേക്ക് ഞാൻ ആത്മീയ യാത്ര നടത്തിയിരുന്നു. രാജ്യത്തിന്റെ വിവിധ കോണുകളിലേക്ക് ഞാൻ നടത്തിയ ആ യാത്ര ഓരോ മനുഷ്യർക്കുമുള്ളിലെ ശ്രീരാമന്റെ സ്ഥാനം എന്താണെന്ന് എനിക്ക് കാണിച്ച് തന്നു’- പ്രധാനമന്ത്രി പറഞ്ഞു.
നൂറ്റാണ്ടുകളുടെ സ്ഥിരോത്സാഹത്തിന്റെയും ത്യാഗത്തിന്റെയും പരിസമാപ്തിയാണ് അയോദ്ധ്യയിലെ രാമക്ഷേത്രം. ശ്രീരാമന്റെ ജന്മസ്ഥലത്തേക്കുള്ള തിരിച്ചുവരവ് രാജ്യത്തിന്റെ ഐക്യത്തിന്റെ ചരിത്ര നിമിഷത്തെയാണ് അടയാളപ്പെടുത്തിയത്. പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമാകാൻ ആവശ്യപ്പെട്ടപ്പോൾ രാംലല്ലയുടെ തിരിച്ചുവരവിനായി വർഷങ്ങളോളം ക്ഷമയോടെ കാത്തിരുന്ന നൂറ് കോടിയിലധികം ജനങ്ങളെയാണ് താൻ പ്രതിനിധീകരിക്കുന്നതെന്ന് അറിയാമായിരുന്നു. ആ മംഗളകരമായ ദിവസത്തിലേക്കുള്ള യാത്രക്കിടയിൽ ആ ദിവസത്തിനായി കാത്തിരുന്ന എണ്ണമറ്റ ഭക്തരുടെ അഭിലാഷങ്ങൾ കൂടിയാണ് തന്നോടൊപ്പം കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.
മറ്റൊരു ദീപാവലിക്കാണ് പ്രാണപ്രതിഷ്ഠാ ദിവസത്തിൽ രാജ്യം സാക്ഷ്യം വഹിച്ചത്. നൂറ് കോടിയിലധികം ജനങ്ങളുടെ പ്രതിനിധിയായി പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞത് ദൈവത്തിത്തിന്റെ അനുഗ്രഹമായാണ് താൻ കാണുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post