തിരുവനന്തപുരം : സംസ്ഥാനത്തെ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിലാക്കി ഡ്രൈവിംഗ് ടെസ്റ്റുകളിലെ അടിമുടി മാറ്റങ്ങൾ .മേയ് മാസത്തിൽ ഡ്രൈവിംഗ് ടെസ്റ്റിനായി ബുക്ക് ചെയ്തിരുന്ന സ്ളോട്ടുകൾ മോട്ടോർ വാഹനവകുപ്പ് കഴിഞ്ഞദിവസം റദ്ദാക്കിയതും പുതിയ ബുക്കിംഗുകൾക്ക് ഒരുമാസത്തിലധികം കാലതാമസമുണ്ടാകുന്നതുമാണ് പരീക്ഷാർത്ഥികൾക്കൊപ്പം ഡ്രൈവിംഗ് പരിശീലകരെയും വലയ്ക്കുന്നത്.
വാഹനവകുപ്പ് മുമ്പേ സ്ളോട്ട് ബുക്ക് ചെയ്ത 70 ഓളം പേരുടെ ബുക്കിംഗാണ് റദ്ദാക്കിയത്. മേയ് 1 മുതൽ ദിവസം 30 പേർക്ക് മാത്രം ടെസ്റ്റ് നടത്തിയാൽ മതിയെന്ന നിർദേശം വന്നിരുന്നു. ഇതോടെ മദ്ധ്യവേനലിൽ ഡ്രൈവിംഗ് പരിശീലനത്തിനെത്തുന്നവരിൽ പലരും ലേണേഴ്സിന് പോലും അപേക്ഷിക്കാതെ മടങ്ങിപ്പോകുന്ന സ്ഥിതിയാണുള്ളത്.
എന്നാൽ , വേനൽ അവധിക്ക് ഓരോ ഡ്രൈവിംഗ് സ്‌കൂളിലും കുറഞ്ഞത് അമ്പത് പേരെങ്കിലും പരിശീലനത്തിനെത്തിയിരുന്നു. ഈ സീസണിൽ മിക്ക സ്‌കൂളുകളിലും ഒരാൾപോലും പരിശീലനത്തിന് ചേർന്നിട്ടില്ല. മദ്ധ്യവേനൽ സീസണിൽ ആരും ഇല്ലാത്തതിനാൽ സ്‌കൂളുകൾ അടച്ചുപൂട്ടേണ്ട സ്ഥിതിയാണെന്ന് ഡ്രൈവിംഗ് സ്‌കൂൾ ഉടമകളും പരിശീലകരും ചൂണ്ടിക്കാട്ടി.








