ന്യൂഡൽഹി : ഹരിയാനയിൽ സ്‌കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ട കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിക്കേറ്റവർ വേഗത്തിൽ സുഃഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ഹരിയാനയിലെ ഉൾഹാനിയിലുണ്ടായ ബസ് അപകടം അങ്ങേയറ്റം വേദനാജനകമാണ്. ഈ അപകടത്തിൽ കുട്ടികളെ നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങളുടെയും ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു. പരിക്കേറ്റവർ വേഗത്തിൽ തന്നെ സുഖം പ്രാപിക്കട്ടേ. അവർക്കായി പ്രാർത്ഥിക്കുന്നു. സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രാദേശിക ഭരണകൂടം ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ സഹായവും ഉറപ്പുവരുത്തും ‘ -പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അനുശോചനം രേഖപ്പെടുത്തി. ഈ നഷ്ടം താങ്ങാൻ ദൈവം നിങ്ങൾക്ക് ശക്തി നൽകട്ടെ. പരിക്കേറ്റവർക്ക് സുഃഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു എന്ന് അമിത് ഷാ പറഞ്ഞു.
പരിക്കേറ്റ കുട്ടികൾ ആശുപത്രിയിൽ തുടരുകയാണ്. ആരുടെയും ജീവന് അപകടമില്ല. കുട്ടികൾക്ക് മികച്ച ചികിത്സ നൽകുന്നുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തുന്നുണ്ടെന്ന് ജില്ലാ കളക്ടർ മോണിക്ക ഗുപ്ത പറഞ്ഞു.
ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. 6 വിദ്യാർത്ഥികൾ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അവധിക്കാല ക്ലാസുകൾക്കായി സ്‌കൂളിലേക്ക് പോകും വഴിയായിരുന്നു അപകടം. ബസിൽ 40 ഓളം കുട്ടികളുണ്ടായിരുന്നു. സ്‌കൂൾ ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. അപകടസമയത്ത് ഡ്രൈവർ മദ്യലഹരിയിലായിരുന്നു എന്നാണ് വിവരം.
Discussion about this post