ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയെ കോമാളി എന്ന് വിളിച്ച മുതിർന്ന ഡിഎംകെ നേതാവ് ദയാനിധി മാരന്റെ പ്രസ്താവന തമിഴ്നാട്ടിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. പ്രമുഖ മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായിക്ക് നൽകിയ അഭിമുഖത്തിലാണ് മുൻ കേന്ദ്ര മന്ത്രിയായ ദയാനിധി മാരൻ അപകീർത്തികരമായ പ്രസ്താവന നടത്തിയത്. എന്നാൽ, അണ്ണാമലൈയ്ക്ക് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗപ്രവേശം ചെയ്തതോടെ ഡിഎംകെ പ്രതിരോധത്തിലായിരിക്കുകയാണ്.
ദയാനിധിമാരൻ തന്റെ വിവാദ പ്രസ്താവന പിൻവലിക്കാൻ തയ്യാറായില്ലെങ്കിലും അണ്ണാമലൈക്കെതിരായ ‘കോമാളി’ പരാമർശം തിരിച്ചടിയാകുമോ എന്ന ഭയം ഡിഎംകെ ക്യാമ്പിൽ ശക്തമാണ്. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ദയാനിധി മാരൻ നടത്തിയ അധിക്ഷേപം 39കാരനായ അണ്ണാമലൈയ്ക്ക് അനുകൂലമായി സഹതാപം തരംഗം ഉണ്ടാക്കുമോ എന്ന പേടിയാണ് ഒരു വിഭാഗം ഡിഎംകെ നേതാക്കൾക്കുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് നേതാക്കൾ മുൻപ് നടത്തിയ വ്യക്തിപരമായ അധിക്ഷേപങ്ങൾ വോട്ടർമാരെ വലിയ രീതിയിൽ സ്വാധീനിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ സോണിയ ഗാന്ധിയുടെ ‘മൗത്ത് കാ സൗദാഗർ’, രാഹുലിന്റെ ‘ചൗകിദാർ ചോർ ഹേ’, മണിശങ്കർ അയ്യരുടെ ‘ചായ് വാലാ’, ‘നീച്ച്’ തുടങ്ങിയ അധിക്ഷേപ പരാമർശങ്ങൾ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് വൻ തിരിച്ചടി നൽകിയിരുന്നു.
ദയാനിധിമാരന്റെ കോമാളി പരാമർശം ഇതേ രീതിയിൽ വോട്ടർമാർക്കിടയിൽ പ്രതിഫലിക്കാൻ സാധ്യതയുണ്ടെന്നാണ് തമിഴ്നാട്ടിലെ മുതിർന്ന മാധ്യമ പ്രവർത്തകരും രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്. ടു ജി സ്‌പെക്ട്രം ടെലികോം കുംഭകോണത്തിൽ നിയമി നടപടികൾ നേരിട്ട മാരന് സിറ്റിംഗ് സീറ്റായ ചെന്നൈ സെൻട്രലിൽ ബിജെപിയുടെ യുവ സ്ഥാനാർത്ഥി വിനോജ് പി സെൽവം വെല്ലുവിളി ഉയർത്തുന്നുണ്ട്. ഡിഎംകെയുടെ ശക്തികേന്ദ്രങ്ങളിൽ eഎല്ലാം എൻഡിഎ ഇത്തവണ കരുത്തുത്ത സ്ഥാനാർത്ഥികളെയാണ് നിർത്തിയിരിക്കുന്നത്.
2021 ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത് മുതൽ ഡിഎംകെയുടെ അഴിമതി ഭരണത്തിനും ഹിന്ദു വിരുദ്ധ സമീപനങ്ങൾക്കുമെതിരെ നിരന്തരം ശബ്ദിക്കുന്ന നേതാവാണ് കെ അണ്ണാമലൈ. എഐഎഡിഎംകെ ദുർബലമായതോടെ പലപ്പോഴും പ്രതിപക്ഷ നിരയിലെ മുന്നണി പോരാളി എന്ന ഇമേജ് നേടിയെടുക്കാൻ മുൻ ഐപിഎസ് ഓഫീസറായ അണ്ണാമലൈക്ക് സാധിച്ചിരുന്നു. ബിജെപി യുവ നേതാവിന്റെ തെളിവുകൾ സഹിതമുള്ള പല വെളിപ്പെടുത്തലുകളും ഡിഎംകെ നേതൃത്വത്തിന്റെ ഉറക്കം കെടുത്തിയിരുന്നു. സംസ്ഥാനത്തെ യുവ ജനങ്ങൾക്കിടയിൽ അണ്ണാമലൈയുടെ വർദ്ധിച്ചു വരുന്ന സ്വാധീനവും ജനപ്രീതിയും ഡിഎംകെ പാളയത്തിൽ ആശങ്ക ഉണ്ടാക്കുന്നുവെന്ന കാര്യം പരസ്യമായ രഹസ്യമാണ്.
ലോക്സഭാ തെഞ്ഞെടുപ്പിന് മുന്നോടിയായി അണ്ണാമലൈ നടത്തിയ ‘എൻ മണ്ണ് എൻ മക്കൾ’ യാത്രയ്ക്ക് തമിഴ്നാട്ടിൽ ഒന്നാകെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വടക്കൻ തമിഴ്നാട്ടിലെ ഡിഎംകെയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും യാത്ര വൻ വിജയമായിരുന്നു. ‘എൻ മണ്ണ് എൻ മക്കൾ’ യാത്രയ്ക്ക് പിന്തുണയുമായി എത്തിയ വലിയ ജനക്കൂട്ടം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ പിഎംകെ അടക്കമുള്ള തമിഴ്നാട്ടിലെ പ്രാദേശിക കക്ഷികളുമായി ചേർന്ന് മത്സരിക്കുന്ന ബിജെപി മുന്നേറ്റം ഉണ്ടാക്കുമെന്നാണ് വിവിധ അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നത്.
ബിജെപിയുടെ വോട്ട് ശതമാനം രണ്ടക്കം കടക്കുമെന്നും ചില സീറ്റുകളിൽ പാർട്ടി വിജയിക്കുമെന്നുമാണ് പ്രവചനം. കെ അണ്ണാമലൈ ജനവിധി തേടുന്ന കോയമ്പത്തൂർ ഉൾപ്പെടെ തമിഴ്നാട്ടിലെ അരഡസനോളം മണ്ഡലങ്ങളിൽ ബിജെപി ഇത്തവണ വിജയപ്രതീക്ഷ പുലർത്തുന്നുണ്ട്. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും അണ്ണാമലൈയും തമിഴ് ജനങ്ങൾക്കിടയിൽ യാതൊരു സ്വാധീനവും ഉണ്ടാക്കില്ലെന്നാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉൾപ്പെടെയുള്ള ഡിഎംകെ നേതാക്കൾ പറയുന്നത്. പുറത്ത് അസാമാന്യ ധൈര്യം പ്രകടിപ്പിക്കുമ്പോഴും സംസ്ഥാനത്തെ ബിജെപിയുടെ വളർച്ചയിൽ ഡിഎംകെയ്ക്ക് നല്ല ആശങ്കയുണ്ടെന്ന കാര്യം വ്യക്തമാണ്.
സ്റ്റാലിനും ദയാനിധിമാരനും ഡിഎംകെ സർക്കാരിലെ മന്ത്രിമാരും നടത്തുന്ന പ്രസ്താവനകൾ അധികവും ബിജെപിയെ ലക്ഷ്യമിടുന്നതാണ്. ബിജെപി തമിഴ്നാട്ടിൽ ഒരു ശക്തിയല്ലെങ്കിൽ പിന്നെ എന്തിനാണ് ഡിഎംകെ എപ്പോഴും തങ്ങളെ കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നതെന്നാണ് അണ്ണാമലൈയുടെ ചോദ്യം. എന്തായാലും, തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ തമിഴകത്തെ പോരാട്ടം ഡിഎംകെ നയിക്കുന്ന ഇൻഡി സഖ്യവും ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയും തമ്മിലാണെന്ന് തെളിയിക്കുന്നതാണ് ദയാനിധിമാരനെ പോലുള്ള നേതാക്കളുടെ സമനില തെറ്റിയ ഇത്തരം പ്രസ്താവനകൾ.









Discussion about this post