ന്യൂഡൽഹി : മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കുരുക്കിട്ട് സിബിഐ. അഴിമതി നടത്തിയ സൗത്ത് ഗ്രൂപ്പിലെ മദ്യവ്യാപാരി കെജ്രിവാളിനെ കണ്ടിരുന്നു. ഡൽഹിയിൽ വ്യാപാരം ചെയ്യാനുള്ള സാഹായങ്ങൾ ചെയ്തു നൽക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കെജ്രിവാൾ സഹായം വാഗ്ദാനം ചെയ്തു എന്നുമാണ് സിബിഐയുടെ കണ്ടെത്തൽ. ബി.ആർ.എസ് നേതാവ് കെ കവിതയെ ചോദ്യം ചെയ്യാൻ അഞ്ച് ദിവസം കസ്റ്റഡിയിൽ വേണമെന്ന റിമാൻഡ് അപേക്ഷയിലാണ് സിബിഐയുടെ കണ്ടെത്തൽ.
കെജ്രിവാളിന്റെ വാട്‌സ്ആപ്പ് ചാറ്റുകൾ അടക്കമുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട് എന്ന് സിബിഐ പറഞ്ഞു. ഇതിന്റെ പകർപ്പ് സിബിഐ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കൂടാതെ കെ കവിതയ്‌ക്കെതിരെ നിർണായക തെളിവുകളുണ്ടെന്ന് സിബിഐ വ്യക്തമാക്കി. വിജയ്‌നായർക്ക് സൗത്ത് ഗ്രൂപ്പ്് 100 കോടി കൈമാറിയതിന് ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്നും കവിതയും മദ്യനയ അഴിമതി ഗൂഢാലോചനയിൽ നിർണായക പങ്കെുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു.
കേസിലെ പ്രതിയായ രാഘവ് മഹൂത്രയിൽ നിന്ന് കവിത 25 കോടി രൂപ കോഴപ്പണമായി ആവശ്യപ്പെട്ടു എന്നും സിബിഐ കോടതിയെ അറിയിച്ചു. നിലവിൽ ഇപ്പോഴും വാദം തുടരുകയാണ്. മദ്യനയക്കേസിൽ കഴിഞ്ഞ ദിവസം ജുഡീഷ്യൽ കസ്റ്റഡിയിലുള്ള കവിതയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. മദ്യനയ വിവാദത്തിൽപ്പെട്ട കമ്പനിയായ ഇൻഡോ സ്പിരിറ്റിൽ കവിതയ്ക്ക് 65 ശതമാനം ഓഹരിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇ.ഡി കേസെടുത്തത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും ആംആദ്മി പാർട്ടി (എഎപി) നേതാവ് മനീഷ് സിസോദിയയുമായും കവിത ഗൂഢാലോചന നടത്തിയെന്നും പകരമായി നേതാക്കൾക്ക് 100 കോടി കൈമാറിയെന്നും ഇ.ഡി വെളിപ്പെടുത്തിയിരുന്നു.









