ന്യൂഡൽഹി:വീണ്ടും കരുത്തും സ്ഥിരതയും വെളിപ്പെടുത്തി ഇന്ത്യൻ സമ്പദ് വ്യവസ്ഥ. ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം ഈ വർഷം ഫെബ്രുവരിയിലെ 5.09 ശതമാനത്തിൽ നിന്ന് മാർച്ചിൽ 4.85 ശതമാനമായി കുറഞ്ഞതായി വെള്ളിയാഴ്ച പുറത്തുവിട്ട സർക്കാർ കണക്കുകൾ വ്യക്തമാക്കിയതോടെയാണ്, വിലനിലവാരം പിടിച്ചു നിർത്തി കൊണ്ട് സമ്പദ് വ്യവസ്ഥ സ്ഥിരത പുലർത്തിയത്. ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം കഴിഞ്ഞ വർഷം മാർച്ചിൽ 5.66 ശതമാനമായിരുന്നു.അതാണ് ഇപ്പോൾ 4.85 ശതമാനമായി മാറിയത്.
സ്റ്റാറ്റിസ്റ്റിക്‌സ് ആൻ്റ് പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസാണ് വെള്ളിയാഴ്ച അഖിലേന്ത്യാ ഉപഭോക്തൃ വില സൂചികയും (സിപിഐ) ഗ്രാമീണ (ആർ), അർബൻ (യു), സംയോജിത (സി) എന്നിവയുടെ അനുബന്ധ ഉപഭോക്തൃ ഭക്ഷ്യ വില സൂചികയും (സിഎഫ്‌പിഐ) പുറത്തിറക്കിയത്.
ഇത് കൂടുതൽ സ്ഥിരതയുള്ള വിലനിർണ്ണയ അന്തരീക്ഷമാണ് കാണിക്കുന്നത്, ഗാർഹിക ഉപഭോക്താക്കൾക്ക് അവരുടെ ദൈനംദിന ചെലവുകളിൽ വലിയെ ചാഞ്ചാട്ടം ഇല്ല എന്നാണ് ഈ ഡാറ്റ സൂചിപ്പിക്കുന്നത്. ഭക്ഷ്യവിലപ്പെരുപ്പത്തിലുണ്ടായ ഇടിവും മൊത്തത്തിലുള്ള പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൽ ഒരു പ്രധാന പങ്കുവഹിച്ചതായി സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം വ്യക്തമാക്കി.
Discussion about this post