ഇസ്രായേൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുമായി ബന്ധമുണ്ടെന്ന പേരിൽ ഇറാൻ പിടിച്ചു വച്ചിരിക്കുന്ന ചരക്ക് കപ്പലിൽ നാലു മലയാളികൾ ആണ് ഉള്ളത്. ഇവരിൽ ക്യാപ്റ്റൻ ഒഴികെയുള്ള മൂന്ന് പേർ കഴിഞ്ഞദിവസം അവരുടെ വീട്ടുകാരുമായി സംസാരിച്ചിരുന്നു. അതിനു സാഹചര്യം ഒരുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ.
ഇറാൻ സൈന്യം പിടിച്ചെടുത്ത ചരക്ക് കപ്പലിലുള്ള മലയാളികളിൽ ഒരാളാണ് കേരളശ്ശേരി സ്വദേശിയായ സുമേഷ്. സുമേഷ് അടക്കമുള്ളവർ ഇറാൻ സൈന്യത്തിന്റെ പിടിയിലായി എന്ന വാർത്ത അറിഞ്ഞ ഉടൻ തന്നെ ബിജെപി സംസ്ഥാന ജനറൽസെക്രട്ടറിയും പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയുമായ സി കൃഷ്ണകുമാർ കഴിഞ്ഞ ദിവസം സുമേഷിന്റെ വീട് സന്ദർശിച്ചിരുന്നു. സുമേഷിന്റെ പിതാവുമായി സംസാരിച്ച ശേഷം സി കൃഷ്ണ കുമാർ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായ വി മുരളീധരനെ ബന്ധപ്പെടുകയായിരുന്നു.
സുമേഷിന്റെ പിതാവിനെ ഫോണിൽ വിളിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഏകദേശം പതിനഞ്ച് മിനിറ്റിലധികം അദ്ദേഹവുമായി ഫോണിൽ സംസാരിച്ച് എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞു.
സുമേഷിനോട് സംസാരിക്കാനുള്ള സൗകര്യം ഒരുക്കി തരണമെന്നും സുരക്ഷിതനാണ് എന്നറിഞ്ഞാൽ സമാധാനമായി എന്നുമാണ് സുമേഷിന്റെ അച്ഛൻ വി മുരളീധരനെ അറിയിച്ചത്. മകനുമായി നേരിട്ട് സംസാരിക്കാമെന്ന് വി മുരളീധരൻ അദ്ദേഹത്തിന് ഉറപ്പു നൽകുകയും ചെയ്തു.
വൈകാതെ തന്നെ വി മുരളീധരൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയും മന്ത്രാലയത്തിന്റെ നേരിട്ടുള്ള ഇടപെടലിൽ ഇറാനിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഇക്കാര്യം ഇറാൻ സർക്കാരുമായി ചർച്ച നടത്തുകയും ചെയ്തു. തൊട്ടു പിന്നാലെ തന്നെ സുമേഷ് ഉൾപ്പെടെയുള്ള ഭാരതീയർക്ക് അവരവരുടെ കുടുംബാംഗങ്ങളോട് സംസാരിക്കാനുള്ള സൗകര്യം ഇറാൻ സർക്കാർ ഒരുക്കി നൽകി.
സുമേഷ് ഫോണിൽ വിളിച്ച് അച്ഛനോടും കുടുംബാംഗങ്ങളോടും സംസാരിക്കുകയും സുരക്ഷിതനാണ് എന്ന് അറിയിക്കുകയും ചെയ്തതോടെ ആശ്വാസത്തിലാണ് ഇപ്പോൾ സുമേഷിന്റെ കുടുംബം. വൈകാതെ തന്നെ ഇറാൻ സർക്കാർ കപ്പലിലുള്ള നാല് ഇന്ത്യക്കാരെയും മോചിപ്പിക്കുമെന്നാണ് സൂചന.
![data":[],"source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}](https://braveindianews.com/wp-content/uploads/2024/04/psx_20240416_220112-750x422.jpg)








Discussion about this post