ന്യൂഡൽഹി : മദ്യനയഅഴിമതി കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിനെതിരെ ആരോപണവുമായി എൻഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റ് . പ്രമേഹ രോഗിയായ കെജ്രിവാൾ മാമ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാൻ വേണ്ടിയാണെന്ന് ഇഡി കോടതിയെ അറിയിച്ചു . കെജ്രിവാൾ ഡോക്ടറുടെ കൺസൾട്ടേഷൻ ആവശ്യപ്പെട്ട് നൽകിയ ഹർജി കോടതി പരിഗണിക്കുന്നതിനിടെയാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയത്. ഹർജി നാളെ വീണ്ടും പരിഗണിക്കും.
മെഡിക്കൽ ജാമ്യത്തിനായി ദിവസവും മാമ്പഴം, ആലു പൂരി, മധുരപലഹാരങ്ങൾ എന്നിവ കെജ്രിവാൾ കഴിക്കുന്നുണ്ടെന്നും ഇഡി ആരോപിച്ചു. ഷുഗർ ലെവലിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെജ്രിവാൾ കോടതിയെ സമീപിച്ചിരുന്നത്. വീഡിയോ കോൺഫറൻസിലൂടെ ആഴ്ചയിൽ മൂന്ന് ദിവസം ഡോക്ടറെ സമീപിക്കാൻ ആണ് കെജ്രിവാൾ അനുമതി തേടിയിരുന്നത്.
കഴിഞ്ഞ ദിവസം വീണ്ടും കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടിയിരുന്നു. ഡൽഹി റൗസ് അവന്യൂ കോടതിയുടേതായിരുന്നു വിധി. ഈ മാസം 23 വരെയാണ് കസ്റ്റഡി കാലാവധി. മദ്യനയക്കേസിലെ അറസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കില്ലെന്ന് നേരത്തെ സുപ്രീം കോടതിയും വ്യക്തമാക്കിയിരുന്നു.







