മലപ്പുറം : വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ വൈദ്യുതാഘാതമേറ്റ സഹോദരനെ സാഹസികമായി രക്ഷപ്പെടുത്തി താരമായിമാറി കുഞ്ഞനുജൻ. പയ്യനാട് പിലാക്കൽ മേലേക്കളം റിനിൽജിത്താണ് ആ ചുണ കുട്ടൻ. റിജിൽജിത്തിനെയാണ് അനിയൻ രക്ഷിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. വീട്ടിലെ മുറിയിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു റിജിൽജിത്ത്. പ്രവർത്തിച്ചു കൊണ്ടിരുന്ന ടേബിൾഫാനിന്റെ വയർ കാൽതട്ടി മുറിയുകയായിരുന്നു. മുറിഞ്ഞ വയറിന്റെ അറ്റം റിജിലിന്റെ ദേഹത്ത് വന്ന് പതിച്ചു. വയറിൽ നിന്നും വൈദ്യുതാഘാത മേൽക്കുകയും കുട്ടി അവശനിലയിലാവുകയും ചെയ്തു. എന്നാൽ സംഭവം കണ്ട് അനിയൻ പേടിച്ചെങ്കിലും ഉടൻ തന്നെ ജ്യേഷ്ഠനെ അനിയൻ കയറി പിടിച്ചു. ഇതോടെ ദൂരേക്ക് ഇരുവരും തെറിച്ചു വീഴുകയായിരുന്നു.
എന്നാൽ അതിനിടയിൽ അനുജൻ സാഹസികമായി കൈകൊണ്ടുതന്നെ ഫാനിന്റെ പൊട്ടിയ വയർ തട്ടി മാറ്റി. ബഹളവും നിലവിളിയും കേട്ട് ബന്ധുക്കളും ഓടിയെത്തി. ഇതിനിടെ ബോധം നഷ്ടപ്പെട്ട സഹോദരന്റെ മുഖത്ത് റിനിൽ ജിത്ത് വെള്ളം തളിച്ചു. അതോടൊപ്പം നെഞ്ചിൽ കൈകൾ കൊണ്ട് അമർത്തി ശ്വാസം വീണ്ടെടുക്കാനുള്ള പ്രഥമ ശുശ്രൂഷയും അനുജൻ തന്നെ നൽകി. തുടർന്ന് കുട്ടിയെ മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു.
അപകട സമയത്തെ പെട്ടെന്നുള്ള ഇടപെടലാണ് റിജിൽജിത്ത് രക്ഷപ്പെടാൻ കാരണമായത്. പയ്യനാട് പിലാക്കൽ മേലേക്കളം പ്രകാശ് -സുഷ ദമ്പതിമാരുടെ മക്കളാണിവർ.












