ഭോപ്പാൽ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജയ് ശ്രീരാം വിളിച്ച് കോൺഗ്രസ് നേതാവും മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമൽനാഥ്. ബെട്ടുലിൽ സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു അദ്ദേഹം ജയ് ശ്രീരാം വിളിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബെട്ടുലിലെ തിരഞ്ഞെടുപ്പ് റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിന് മുൻപായിരുന്നു അദ്ദേഹം ജയ് ശ്രീരാം വിളിച്ചത്. ശേഷം ജനങ്ങളോട് ഏറ്റുവിളിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ഇത് പ്രകാരം പരിപാടിയിൽ ഒത്തു ചേർന്നവരും പാർട്ടി പ്രവർത്തകരും ജയ് ശ്രീരാം വിളിക്കുന്നതും വീഡിയോയിൽ കാണാം.
നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് നാൾക്കു നാൾ പാർട്ടിയുടെ സ്വാധീനം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഹിന്ദു വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമമാണ് അദ്ദേഹത്തിന്റേതെന്നാണ് വിലയിരുത്തൽ. അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിൽ കമൽനാഥിനും ക്ഷണമുണ്ടായിരുന്നു. എന്നാൽ പാർട്ടി നിലപാടിനൊപ്പം ചേർന്ന് ചടങ്ങിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു. ഇത് ഹിന്ദുവോട്ടർമാരിൽ അതൃപ്തി ഉളവാക്കിയിട്ടുണ്ട്. ഇത് പരിഹരിക്കുക കൂടി ലക്ഷ്യമിട്ടുകൊണ്ടാണ് അദ്ദേഹം ജയ് ശ്രീരാം വിളിച്ചത്.








