ന്യൂഡൽഹി: തനിക്ക് പ്രമേഹമാണെന്നും എത്രയും പെട്ടെന്ന് ആരോഗ്യ പരിചരണം വേണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള കെജ്രിവാളിന്റെ ശ്രമങ്ങൾക്ക് വൻ തിരിച്ചടി. കേജ്രിവാളിന് പ്രമേഹ സംബന്ധമായ അസുഖങ്ങൾ ഒന്നും ഇല്ലെന്നും ഇൻസുലിൻ ഇൻജൻക്ഷന്റെ ആവശ്യം ഒന്നും ഇല്ലെന്നും വ്യക്തമാക്കി തീഹാർ ജയിലിലെ ഡോക്ടർമാർ റിപ്പോർട്ട് നൽകി.
ദേശീയ മാദ്ധ്യമ ഏജൻസിയായ എ എൻ ഐ യാണ് മെഡിക്കൽ റിപ്പോർട്ട് കൈവശപ്പെടുത്തിയത്. കെജ്രിവാളിൻ്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഭയപ്പെടേണ്ട നിലയിൽ എത്തിയിട്ടില്ലെന്നും അദ്ദേഹത്തിന് വായിലൂടെ കഴിക്കേണ്ട മരുന്നുകൾ നിർദ്ദേശിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ജയിൽ അധികൃതർ കെജ്‌രിവാളിന് ഇൻസുലിൻ നിഷേധിച്ചുവെന്ന് ആം ആദ്മി പാർട്ടി അവകാശപ്പെടുന്നതിനിടെയാണ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്
കെജ്‌രിവാൾ ഇൻസുലിൻ റിവേഴ്‌സൽ പ്രോഗ്രാമിലാണെന്നും അറസ്റ്റിന് മുമ്പ് ഇൻസുലിൻ എടുക്കുന്നത് നിർത്തിയെന്നും പ്രമേഹ വിരുദ്ധ ഓറൽ ടാബ്‌ലെറ്റ് മെറ്റ്‌ഫോർമിൻ മാത്രമാണ് കഴിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രമേഹ രോഗിയായ തന്നെ മനഃപൂർവ്വം കൊല്ലാൻ വേണ്ടി കേന്ദ്ര ഏജൻസികളും തീഹാർ ജയിൽ അധികൃതരും ശ്രമിക്കുന്നു എന്ന അരവിന്ദ് കെജ്രിവാളിന്റെ വാദമാണ് ഇപ്പോൾ പുറത്ത് വന്ന മെഡിക്കൽ റിപോർട്ടോടു കൂടെ തകർന്നു വീണിരിക്കുന്നത്.








