ഭോപ്പാൽ: ഭാര്യ മോഡേൺ ജീവിതം നയിക്കുന്നു എന്ന കാരണത്താൽ ജീവനാംശം നിഷേധിക്കാനാകില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. മോഡേൺ ജീവിതം നയിക്കുന്ന സാഹചര്യത്തിൽ ഭാര്യ എന്തെങ്കിലും തരത്തിലുള്ള ക്രിമിനൽ കുറ്റം ചെയ്തിട്ടില്ലെന്നും അതുകൊണ്ടു തന്നെ ജീവനാംശം നൽകാതിരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ഗോപാൽ സിങ് അലുവാലിയയുടെ സിംഗിൾ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഭാര്യയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ചാൽ തന്നെ ജീവിതം ശരിയായ രീതിയിലല്ലെന്ന് മനസിലാക്കാൻ കഴിയുമെന്ന് ഭർത്താവ് വാദിച്ചു. അത്തരം ജീവിതത്തിന് വേണ്ടി ജീവനാംശം നൽകാൻ തയ്യാറല്ലെന്നും ഒരു വയസുള്ള മകന് നൽകുന്ന തുക നൽകാമെന്നും ഭർത്താവും വാദിച്ചു.
ഭർത്താവിൽ നിന്നും മാറി താമസിക്കുന്ന സാഹചര്യത്തിലാണ് ഭാര്യ ജീവനാംശത്തിന് കോടതിയെ സമീപിച്ചത്.യാഥാസ്ഥിതിക ജീവിതമായാലും മോഡേൺ കുടുംബമായാലും അവരവരുടെ ജീവിതം നയിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
നിലവിലെ ജീവിത സാഹചര്യങ്ങളും ചെലവുകളും കണക്കിലെടുക്കുമ്പോൾ ഇപ്പോൾ നൽകുന്ന 5000 എന്ന തുക മതിയാവില്ലെന്നും ജീവനാംശ തുക വർധിപ്പിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.








