ഇസ്ലാമാബാദ്: ഒരു മണിക്കൂറിനുള്ളിൽ ആറ് കൺമണികൾക്ക് ജന്മം നൽകി 27 കാരി. പാകിസ്താനിലെ റാവൽപിണ്ടിയിലാണ് സംഭവം. സീനത്ത് വഹീദ് എന്ന റാവൽപിണ്ടി സ്വദേശിനിക്കാണ് ആറ് കുട്ടികൾ ജനിച്ചത്. വഹീദ് എന്നാണ് കുട്ടികളുടെ അച്ഛൻറെ പേര്. അത്യപൂർവ്വ പ്രസവത്തിലെ നാല് ആണും രണ്ട് പെൺകുട്ടികളും സുഖമായിരിക്കുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു.ആറ് കുട്ടികൾക്ക് രണ്ട് പൌണ്ടാണ് ഭാരം (ഒരു കിലോയ്ക്ക് അല്പം കുറവ്).
രണ്ടാമത്തെ പ്രസവത്തിലാണ് സീനത്ത് ആറ് കുട്ടികൾക്ക് ജന്മം നൽകിയത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി പ്രസവവേദനയെ തുടർന്നാണ് സീനത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ അവർ ആറ് കുട്ടികൾക്ക് ജന്മം നൽകിയെന്ന് റിപ്പോർട്ടുകൾ പറയുന്നു.
നിലവിൽ കുട്ടികൾ ഇൻക്യുബേറ്ററിലാണെന്നും ആറ് പേരുടെയും ആരോഗ്യത്തിന് കുഴപ്പങ്ങളൊന്നുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരം ഗർഭങ്ങൾ അസാധാരണവും അത്യപൂർവ്വവുമാണെന്ന് ആരോഗ്യവിദഗ്ദർ പറയുന്നു. ഓരോ 4.5 ദശലക്ഷം ഗർഭധാരണങ്ങളിൽ ഒന്നിൽ മാത്രമാണ് ഇത്തരമൊരു അസാധാരണത്വം കാണാനാവുകയെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു
Discussion about this post