എറണാകുളം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഹർജി നൽകിയ കോൺഗ്രസ് നേതാവിന് തിരിച്ചടി. നാമനിർദ്ദേശ പത്രിക തള്ളണണെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇടപെടാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി തള്ളിയത്.
സത്യവാങ്മൂലത്തിൽ രാജീവ് ചന്ദ്രശേഖർ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസ് നേതാവ് ആവണി ബെൻസൽ കോടതിയിൽ ഹർജി നൽകിയത്. ബംഗളൂരു സ്വദേശി രഞ്ജിത് തോമസും ഇതിൽ കക്ഷി ചേർന്നിരുന്നു. ജസ്റ്റിസുമാരായ വി ജി അരുൺ, എസ് മനു എന്നിവരുൾപെട്ട ഡിവിഷൻ ബെഞ്ച് മുൻപാകെയായിരുന്നു ഹർജി.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള മോക് പോളിംഗ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിൽ ഹർജിയിൽ ഇടപെടാനാകില്ലെന്നായിരുന്നു കോടതി പറഞ്ഞത്. വരണാധികാരി പത്രിക സ്വീകരിച്ച് കഴിഞ്ഞതിനാൽ വിഷയം ഇനി ഹർജിക്കാർക്ക് ഇലക്ഷൻ പെറ്റീഷൻ നൽകാമെന്നും കോടതി നിർദ്ദേശിച്ചു. പോസ്റ്റൽ ബാലറ്റ് പോളിംഗ് ഉൾപ്പെടെ നടന്നു കഴിഞ്ഞെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ പരാമർശങ്ങൾ.
Discussion about this post