പ്രണയത്തിന് കണ്ണില്ല,മൂക്കില്ല എന്നൊക്കെയാണ് പറയപ്പെടുന്നത്. പ്രണയത്തിലായാൽ മറ്റേതോ ലോകത്ത് എത്തിയത് പോലെയാണെന്നൊക്കെ ആളുകൾ പറയാറുണ്ട്. പ്രണയം തലയ്ക്കുപിടിച്ച് മണ്ടത്തരങ്ങൾ കാണിച്ചുകൂട്ടുന്നവരും ഉണ്ട്. അങ്ങനെയുള്ള ഒരു സംഭവത്തെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽമീഡിയ നിറയെ.
ദിവസവും നൂറിലധികം കോളുകളും സന്ദേശങ്ങളും കാമുകന് അയക്കുന്ന പെൺകുട്ടിക്ക് ‘ലൗ ബ്രെയിൻ’എന്ന രോഗാവസ്ഥയാണെന്ന് ഡോക്ടർമാർ കണ്ടെത്തിയിരിക്കുകയാണത്രേ.. 18 കാരിയായ സിയാവു എന്ന പെൺകുട്ടി നിരന്തരം കാമുകന് ഫോൺ വിളിക്കുകയും മെസേജുകൾ അയക്കുകയും ചെയ്യുന്നത് ശീലമാക്കിയിരിക്കുകയാണ്. എന്നാൽ ഇത് പരിധി വിട്ടപ്പോൾ കാമുകന് തന്നെ ശല്യവും അസഹനീയവുമായി മാറുകയായിരുന്നു. തന്റെ കോളിന് മറുപടി ലഭിക്കാതായതോടെ പെൺകുട്ടിയുടെ മാനസികനില തെറ്റുകയായിരുന്നു.
ചെംഗ്ഡുവിലെ ഫോർത്ത് പീപ്പിൾസ് ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റായ ഡോക്ടർ ഡു നായാണ് പെൺകുട്ടിയെ ചികിത്സിക്കുന്നത്. ദേഷ്യം കൊണ്ട് സിയാവു വീട്ടിലെ സാധനങ്ങൾ എറിഞ്ഞുടയ്ക്കുകയും മരിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. കടുത്ത നിരാശയും ദേഷ്യവും കൊണ്ട് മനോനില തെറ്റിയ ഭയാനകമായ അവസ്ഥയിലായിരുന്നു 18കാരിയെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് സിയാവുവിന് ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ ഉണ്ടെന്നും പരിശോധനയിൽ ഡോക്ടർ സ്ഥിരീകരിച്ചു. ഇത് ‘ ലൗ ബ്രെയിൻ ‘ എന്നും അറിയപ്പെടുന്നു. കുട്ടിക്കാലത്ത് ഉണ്ടാകുന്ന ഏതെങ്കിലും മാനസികാഘാതത്തിൽ നിന്നോ ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക പ്രശ്നങ്ങൾ മൂലമോ ഈ രോഗാവസ്ഥ ഉണ്ടാകാമെന്നും ഡോക്ടർമാർ വിലയിരുത്തുന്നു.
Discussion about this post