തിരുവനന്തപുരം: സ്‌പേസ് പാർക്കിൽ ജോലി നേടാൻ വ്യാജ സർട്ടിഫിക്കേറ്റ് ഉപയോഗിച്ച കേസിൽ സ്വപ്‌ന സുരേഷ് ഇന്ന് കോടതിയിൽ ഹാജരാകും. കണ്ടോൺമെന്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സ്വപ്‌ന ഇന്ന് ഹാജരാകുക. ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക.
കോടതി ഇന്ന് അവധിയാണ്. എങ്കിലും കേസ് പരിഗണിക്കണം എന്ന് കാട്ടി സ്വപ്‌ന ഹർജി നൽകിയിരുന്നു. ഇതോടെയാണ് സ്വപ്‌ന ഇന്ന് കോടതിയിൽ ഹാജരാകുന്നത്. സ്‌പേസ് പാർക്കിൽ ജോലി ലഭിക്കാൻ വ്യാജ ബിരുദ സർട്ടിഫിക്കേറ്റ് ഹാജരാക്കി എന്നാണ് സ്വപ്‌നയ്ക്ക് എതിരായ പരാതി.
കേസിൽ ഒന്നാം പ്രതിയാണ് സ്വപ്‌ന സുരേഷ്. പഞ്ചാബ് സ്വദേശി സച്ചിൻ ദാസാണ് രണ്ടാം പ്രതി . കേസിൽ നേരത്തെ തന്നെ കുറ്റപത്രം പോലീസ് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വപ്‌ന കേസിൽ ഹാജരാകുന്നത്.
ഇതിനിടെ സേവന കാലയളവിൽ സ്വപ്‌നയ്ക്ക് നൽകിയ ശമ്പളം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഎസ്‌ഐടിഐഎൽ) നിയമന ഏജൻസിയായ പ്രൈസ് വാട്ടർ കൂപ്പേഴ്‌സിന് കത്ത് നൽകിയിരുന്നു. എന്നാൽ പണം ലഭിച്ചിട്ടില്ല. പണം നൽകാനാകില്ലെന്നാണ് പിഡബ്ല്യുസിയുടെ നിലപാട്.











