കൊച്ചി: ടെസ്റ്റ് നിബന്ധനകളിൽ ഇളവ് നൽകി പരമാവധിപേരെ വിജയിപ്പിച്ച വെഹിക്കിൾ ഇൻസ്‌പെക്ടർമാരെക്കൊണ്ട് വീണ്ടും ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയപ്പോൾ വിജയശതമാനം കുത്തനെ ഇടിഞ്ഞതായി വിവരം. ദിവസം 100 ടെസ്റ്റുവരെ നടത്തി ലൈസൻസ് നൽകിയ 15 ഉദ്യോഗസ്ഥരെ നിയോഗിച്ച് നടത്തിയ പരിശോധനയിൽ 98 അപേക്ഷകരിൽ 18 പേർ മാത്രമാണ് വിജയിച്ചത്.
നാലുചക്ര വാഹനങ്ങൾക്കുള്ള എച്ച് ടെസ്റ്റിൽ തിങ്കളാഴ്ച എത്തിയവരിൽ ഭൂരിഭാഗംപേരും ജയിച്ചു. എന്നാൽ, റോഡ് ടെസ്റ്റ് കർശനമാക്കിയതോടെ പരാജയനിരക്ക് കൂടി. 10-12 മിനിറ്റാണ് റോഡ്ടെസ്റ്റിന് എടുത്തത്. ടെസ്റ്റ് പൂർണമായും ചിത്രീകരിക്കുകയും ചെയ്തു.
ഉദ്യോഗസ്ഥർ നേരത്തേ നടത്തിയ ടെസ്റ്റുകളിൽ വീഴ്ച സംഭവിച്ചെന്നാണ് നിഗമനം. റിപ്പോർട്ട് മന്ത്രിക്ക് കൈമാറി. ഉദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടായേക്കും.രണ്ട് ഉദ്യോഗസ്ഥർ ചേർന്ന് ടെസ്റ്റ് നടത്തുന്നതിനാലാണ് ദിവസം നൂറുപേരെ പ്രവേശിപ്പിക്കാൻ കഴിയുന്നതെന്ന് ആരോപണവിധേയരായ ഉദ്യോഗസ്ഥർ പറഞ്ഞു. എച്ച്, എട്ട് ടെസ്റ്റുകളിൽ 30 ശതമാനംപേർ തോൽക്കും. ഇവർക്ക് റോഡ് ടെസ്റ്റ് നടത്തേണ്ടതില്ല. ഈ സമയം മറ്റുള്ളവരുടെ പരിശോധന നടത്താൻ കഴിയുമെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു.
Discussion about this post