ഹൈദരാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലം ഘട്ടത്തിൽ തന്റെ വോട്ടവകാശം വിനിയോഗിച്ച് സംവിധായകൻ എസ് എസ് രാജമൗലി. ഹൈദരാബാദിലായിരുന്നു സംവിധായകന്റെ വോട്ട്. തന്റെ വോട്ട് രേഖപ്പെടുത്താനായി മാത്രമാണ് രാജമൗലി ദുബായിൽ നിന്നും പറന്ന് ഹൈദരാബാദിലെ തന്റെ പോളിംഗ് ബൂത്തിലെത്തിയത്. തന്റെ ഭാര്യയോടൊപ്പം വോട്ട് ചെയ്ത ശേഷം രാജമൗലി പങ്കുവച്ച ചിത്രം സോഷ്യൽ മീഡിയ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു.
‘ദുബായിൽ നിന്നും പറന്ന്… എയർപോർട്ടിൽ നിന്ന് നേരിട്ട് പോളിംഗ് ബൂത്തിലേക്ക് ഓടി. അതാണ് ഇങ്ങനെ ക്ഷീണിച്ചിരിക്കുന്നത്. നിങ്ങൾ വോട്ട് ചെയ്‌തോ?’ എന്നാണ് രാജമൗലി തന്റെ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
ദുബായിൽ തന്റെ പുതിയ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ തിരക്കുകൾക്കിടയിലാണ് രാജമൗലി വോട്ട് ചെയ്യാനെത്തിയത്. തിരക്കുകൾക്കിടയിലും ഇത്രയും ദൂരെ നിന്നും വോട്ടവകാശം വിനിയോഗിക്കാനെത്തിയ സംവധായകനെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
ഇന്ന് രാവിലെ 7 മണിയോടെയാണ് നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചത്. സംഗീത സംവിധായകൻ കീരവാണിയും സൂപ്പർ താരം അല്ലു അർജുനും ഇന്ന് ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ പോളിംഗ് സ്‌റ്റേഷനിൽ വോട്ട് ചെയ്യാനെത്തിയിരുന്നു. ജൂനിയർ എൻടിആർ, നിർമ്മാതാവ് തേജ എന്നിവർ തെലങ്കാനയിലെ പോളിംഗ് ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.
Discussion about this post