പാലക്കാട്: മണ്ണാർക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി. സിപിഎം മണ്ണാർക്കാട് ഏരിയ സെന്റർ അംഗവും പി.കെ ശശിയുടെ സഹോദരി ഭർത്താവുമായ കെ.ശോഭൻകുമാറിനെ പാർട്ടിയിലെ ഒരു വിഭാഗം രംഗത്ത് എത്തിയതോടെയാണ് അസ്വാരസ്യങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിട്ടില്ലെന്നാണ് ശോഭൻകുമാറിനെതിരെ ഉയരുന്ന ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി നേതൃത്വത്തിന് പ്രവർത്തകർ പരാതി നൽകി. ഏരിയ കമ്മറ്റി യോഗത്തിൽ ഇക്കാര്യം ചർച്ചയാക്കാനാണ് പ്രവർത്തകരുടെ തീരുമാനം.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മണ്ണാർക്കാട് മേഖല തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായിരുന്നു ശോഭൻകുമാർ. ചുമതല വഹിക്കുന്ന നേതാവ് തന്നെ വോട്ട് ചെയ്യാതിരുന്നത് ഗുരുതര പിഴവാണെന്ന് പ്രവർത്തകർ പറയുന്നത്. കഴിഞ്ഞ ലോക്‌സഭാ മണ്ഡലത്തിൽ ഇടതിന് കുറവ് വോട്ടുകൾ ലഭിച്ച മണ്ഡലങ്ങളിൽ ഒന്നായിരുന്നു മണ്ണാർക്കാട്. ഇക്കുറി വലിയ മുന്നേറ്റം മണ്ഡലത്തിൽ മുന്നണി പ്രതീക്ഷിക്കുന്നുണ്ട്. ഇതിനിടെയാണ് നേതാവ് വോട്ട് ചെയ്തിട്ടില്ലെന്ന വിവരം പുറത്താകുന്നത്.
വയനാട് സ്വദേശിയാണ് ശോഭൻകുമാർ. 2020 ലാണ് മണ്ണാർക്കാട്ടേക്ക് താമസം മാറിയത്. മണ്ണാർക്കാട് സ്ഥിരതാമസം ആരംഭിച്ച് വർഷങ്ങൾ കഴിഞ്ഞെങ്കിലും വോട്ട് മാറ്റിയിട്ടില്ല. വോട്ട് ചെയ്യാൻ അദ്ദേഹം വയനാട്ടിലും പോയിരുന്നില്ല. ഇതോടെയാണ് പ്രവർത്തകർ രംഗത്ത് എത്തിയത്.
അതേസമയം സംഭവത്തിൽ വിശദീകരണവുമായി ശോഭൻകുമാർ രംഗത്ത് എത്തി. മണ്ണാർക്കാട് തിരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്നതിനാലാണ് വയനാട്ടിൽ വോട്ട് ചെയ്യാൻ പോകാതിരുന്നതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. വോട്ട് മണ്ണാർക്കാട്ടേക്ക് മാറ്റാൻ അപേക്ഷ നൽകിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post