ലക്‌നൗ: വിവാഹം എപ്പോൾ നടക്കുമെന്ന ചോദ്യത്തിന് മറുപടിയുമായി രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഉടൻ തന്നെ വിവാഹം കഴിക്കുമെന്ന് രാഹുൽ പറഞ്ഞു. റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് പരിപാടിയിൽ ജനങ്ങളോട് സംവദിക്കുന്നതിനിടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
സഹോദരി പ്രിയങ്കാ വാദ്രയ്‌ക്കൊപ്പം ആയിരുന്നു രാഹുൽ തിരഞ്ഞെടുപ്പ് പരിപാടിയ്ക്കായി എത്തിയത്. പരിപാടിയിൽ ജനങ്ങളുമായുള്ള സംവാദത്തിനും പ്രവർത്തകർ അവസരം ഒരുക്കിയിരുന്നു. ഇതിനിടെ വേദിയിൽ ഉണ്ടായിരുന്ന പെൺകുട്ടിയാണ് രാഹുൽ ഗാന്ധിയുടെ വിവാഹത്തെക്കുറിച്ച് ആരാഞ്ഞത്.
‘ എപ്പോഴാണ് താങ്കളുടെ വിവാഹം ഉണ്ടാകുക’ എന്നായിരുന്നു ചോദ്യം. എന്നാൽ അദ്ദേഹം അത് കേട്ടില്ല എന്ന് നടിച്ചു. എന്നാൽ വേദിയിൽ നിന്നും പലരിൽ നിന്നായി വിവാഹത്തെക്കുറിച്ചുള്ള ചോദ്യം ആവർത്തിക്കുകയായിരുന്നു. ഇതോടെ സഹോദരി മറുപടി നൽകാൻ രാഹുലിനോട് ആവശ്യപ്പെട്ടു. ഇതോടെയായിരുന്നു ഉടനെ ഉണ്ടാകുമെന്ന് അദ്ദേഹം മറുപടി പറഞ്ഞത്. ഇതോടെ വേദിയിലുണ്ടായിരുന്നവർ ചിരിച്ചു.
തന്റെ രാഷ്ട്രീയ ഭാവിയ്ക്കായുള്ള സഹോദരി പ്രിയങ്കാ വാദ്രയുടെ ത്യാഗത്തെ രാഹുൽ ഗാന്ധി വേദിയിൽ പരാമർശിച്ചു. ഇതിനോടകം തന്നെ 80 ഓളം തിരഞ്ഞെടുപ്പ് വേദികളിൽ താൻ എത്തിയിരുന്നു. എന്നാൽ ഈ വേദി അൽപ്പം വ്യത്യസ്തമായി തോന്നുന്നു. പണ്ട് ഒരിക്കലും താൻ ആളുകളുടെ മുഖത്ത് ഇത്രയേറെ സന്തോഷം കണ്ടിട്ടില്ല. ഇത് കാണുമ്പോൾ താൻ സ്വന്തം വീട്ടിലാണെന്ന് തോന്നിപ്പോകുന്നു. തനിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ തന്റെ സഹോദരിയെക്കുറിച്ച് ഈ വേദിയിൽ പറയാതെ വയ്യ. തനിക്ക് വേണ്ടി പ്രിയങ്ക രക്തവും വിയർപ്പും ഒഴുക്കുന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Discussion about this post