ലോകരാഷ്ട്രങ്ങൾക്കിടയിൽ ഭാരതത്തിന്റെ സ്വീകാര്യതയും വിശ്വാസ്യതയും കുതിച്ചുയരുകയാണ്. അമേരിക്കയെയും റഷ്യയെയുമൊക്കെ മറികടന്ന് പ്രതിരോധ ആയുധ ഇറക്കുമതിക്ക് ഉൾപ്പെടെ പല രാജ്യങ്ങളും ഇന്ന് ആശ്രയിക്കുന്നത് ഇന്ത്യയെ ആണ്. ലോക രാജ്യങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിച്ചുകൊണ്ടും കൂടിയാണ് ഭാരതമിന്ന് മുന്നോട്ട് കുതിക്കുന്നത്. ശത്രുരാജ്യങ്ങളെയൊന്നാകെ ചൊടിപ്പിക്കുന്ന സുപ്രധാന നീക്കവുമായി ഇന്ത്യ ഇപ്പോൾ ഒരു ചുവട് കൂടി വെച്ചിരിക്കുകയാണ്.
തന്ത്രപ്രധാനമായ ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തുകൊണ്ടാണ് ഇന്ത്യയുടെ നിർണായക നീക്കം. ഇതുമായി ബന്ധപ്പെട്ട ഉടമ്പടിയിൽ ഇന്ത്യയും ഇറാനും ഒപ്പുവച്ചു കഴിഞ്ഞു. ഇതോടെ അടുത്ത പത്ത് വർഷത്തേക്ക് ചബഹാർ തുറമുഖത്തിന്റെ നിയന്ത്രണം ഇന്ത്യൻ കരങ്ങളിലായിരിക്കും. ഉഭയകക്ഷി ധാരണയുമായി ബന്ധപ്പെട്ട് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ഇറാനിലെത്തിയാണ് കരാർ ഒപ്പു വച്ചിരിക്കുന്നത്. പകിസ്താനുമായുള്ള അവിശുദ്ധ കൂട്ടുകെട്ടു മുതലാക്കി മേഖലയിൽ ആധിപത്യം സ്ഥാനപിക്കാനുള്ള ചൈനയുടെ നീക്കങ്ങൾക്കാണ് ഇന്ത്യ ഇപ്പോൾ കനത്ത തിരിച്ചടി നൽകിയിരിക്കുന്നത്.
പാകിസ്താനിലെ ഗ്വാദർ തുറമുഖത്തിന്റെ വികസനം ചൈന എറ്റെടുത്തത് തന്നെ അറബിക്കടലിൽ സാന്നിധ്യം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഗ്വാദർ തുറമുഖം വഴി ചരക്കുനീക്കത്തിന് ചൈന ശ്രമിക്കുന്നുണ്ട്. ഇതിന് പുറമെ വൺ ബെൽറ്റ് പദ്ധതി വഴി പാകിസ്താനിൽ റോഡ് നിർമ്മാണത്തിനും ചൈന ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ സമയത്താണ് ചൈനയ്ക്കുള്ള ഇന്ത്യയുടെ ചെക്ക്‌മേറ്റ്. ഗ്വാദർ തുറമുഖത്തിൽ നിന്നും 72 കിലോമീറ്റർ മാത്രം അകലെയാണ് ചബഹാർ തുറമുഖം. ചൈന – പാക്ക് ഇടനാഴിയെയും അറബിക്കടലിൽ ചൈനയുടെ സാന്നിധ്യത്തെയും നേരിടുന്നതിൽ രാജ്യത്തിന് ഒരു ബൂസ്റ്റർ ഡോസ് തന്നെയായിരിക്കും ചബഹാർ.
ഇറാന്റെ തെക്ക് കിഴക്കൻ തീരത്ത് ഒമാൻ ഉൾക്കടലിനോട് ചേർന്നും ഇറാൻ പാകിസ്താൻ അതിർത്തിയിലുമായി സ്ഥിതി ചെയ്യുന്നതാണ് ചബഹാർ തുറമുഖം. ഇതിന്റെ ഒരു ഭാഗം ഇറാൻ, അഫ്ഗാനിസ്ഥാൻ, മധ്യേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേയ്ക്ക് ചരക്ക് കൊണ്ടു പോകുന്നതിനുള്ള മാർഗമായാണ് ഇന്ത്യ വികസിപ്പിക്കുന്നത്. ഇറാനെതിരായ യുഎസ് ഉപരോധം ചബഹാർ തുറമുഖത്തിന്റെ വികസനം മന്ദഗതിയിലാക്കിയിരുന്നു. എന്നാൽ, എതിർപ്പുകളെയെല്ലാം മറികടന്ന് തുറമുഖത്തിന്റെ വികസനത്തിന് കൈത്താങ്ങായ ഏക വിദേശരാജ്യം നമ്മുടെ ഇന്ത്യയാണ്. 2018ൽ തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ ആറ് ക്രെയിനുകളും ഇന്ത്യ നൽകിയിരുന്നു. തുറമുഖത്തിന്റെ വികസനത്തിനായി 500 മില്യൺ ഡോളറാണ് ഇന്ത്യ നിക്ഷേപിക്കുന്നത്. ഇതിന് പുറമേ തുറമുഖത്തിലെ സ്വതന്ത്ര വ്യാപാര മേഖലയിൽ ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താനും ഇന്ത്യ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
വിവിധ കോമൺവെൽത്ത് രാജ്യങ്ങളിലേയ്ക്ക് എത്തിച്ചേരുന്നതിന് ഇന്റർനാഷണൽ നോർത്ത്- സൗത്ത് ട്രാൻസ്‌പോർട്ട് കോറിഡോറിന് കീഴിൽ ചബഹാർ തുറമുഖത്തെ ഒരു ട്രാൻസിറ്റ് ഹബ്ബാക്കാനാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതോടെ തുറമുഖം ഈ മേഖലയുടെ വാണിജ്യഗതാഗത കേന്ദ്രമായി പ്രവർത്തിക്കും. ഇന്ത്യയുടെ അഭിമാന പദ്ധതികളിലൊന്നാണ് ഇന്റർനാഷണൽ നോർത്ത്- സൗത്ത് ട്രാൻസ്‌പോർട്ട് കോറിഡോർ. ഇറാൻ വഴി റഷ്യയിലേയ്ക്ക് ഇന്ത്യയ്ക്ക് വേഗത്തിലെത്താവുന്ന പാതയൊരുക്കലാണ് ലക്ഷ്യം. പാകിസ്താനെ ഒഴിവാക്കിക്കൊണ്ട് അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും ഇന്ത്യക്ക് എത്താനാകുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. ഇന്ത്യ, ഇറാൻ, അഫ്ഗാനിസ്താൻ, ഉസ്ബക്കിസ്താൻ തുടങ്ങിയ കോമൺവെൽത്ത് രാജ്യങ്ങൾക്ക് പരസ്പരം ബന്ധപ്പെടുന്നതിനും ചരക്ക് നീക്കത്തിനും ഇനി ചബഹാർ തുറമുഖം സുപ്രധാന പങ്കു വഹിക്കും. ചബഹാർ തുറമുഖത്ത് നിന്നും ഗുജറാത്തിലേക്കുള്ള ദൂരം മുംബെയിൽ നിന്നും ഡൽഹിയിലേക്കുള്ളതിനേക്കാൾ കുറവാണ്.
പുരാതന കാലം മുതൽക്കേ തന്നെ വാണിജ്യത്തിന് പേര് കേട്ട ഈ തുറമുഖത്തിന്റെ മാസ്റ്റർ പ്ലാൻ 70കളിൽ തന്നെ തയ്യാറാക്കിയിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്‌സ് സമ്മേളനത്തിൽ ചബഹാർ തുറമുഖം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാനിയൻ പ്രസിഡന്റും തമ്മിൽ ചർച്ച നടത്തിയിരുന്നു. 2016ലാണ് ഈ പദ്ധതിയ്ക്ക് ഇന്ത്യ തുടക്കമിട്ടത്. മോദിയുടെ ഇറാൻ സന്ദർശനത്തെ തുടർന്നായിരുന്നു ഇത്. 2018ൽ ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി ഇന്ത്യ സന്ദർശിച്ചു. അപ്പോഴും തുറമുഖ വികസനം ചർച്ചയിലെ പ്രധാന വിഷയമായിരുന്നു. പത്ത് വർഷത്തിന് ശേഷം തനിയേ പുതുക്കപ്പെടുന്നതാണ് ഇറാനുമായി ഇന്ത്യ ഒപ്പു വച്ച കരാർ.
കറാച്ചി തുറമുഖം വഴി ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് എത്താമെന്ന സാധ്യത ചൂണ്ടിക്കാട്ടി ഏറെക്കാലമായി പാകിസ്താൻ മധ്യേഷ്യൻ രാജ്യങ്ങളെ വലയിലാക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, മധ്യേഷ്യൻ രാജ്യങ്ങൾ വിശ്വാസമർപ്പിച്ചത് ഇന്ത്യയെയും ഇറാനിൽ സ്ഥിതി ചെയ്യുന്ന ചബഹാർ തുറമുഖത്തേയുമാണ്.
Discussion about this post