ലഖ്‌നൗ : അടിയന്തര സാഹചര്യങ്ങളെ നേരിടാനായി ഇനി പോർട്ടബിൾ ആശുപത്രിയും. ഇന്ത്യയിലെ തന്നെ സുപ്രധാനമായ ഒരു പുതിയ ചുവടുവെയ്പ്പിന് ഒരുങ്ങുകയാണ് ഇന്ത്യൻ വ്യോമസേന. ഈ പദ്ധതിയുടെ ആദ്യ പരീക്ഷണം ചൊവ്വാഴ്ച ആഗ്രയിൽ വെച്ച് നടന്നു. ‘പ്രൊജക്റ്റ് ഭീഷ്മ്’ എന്നാണ് ഈ നിർണായക പോർട്ടബിൾ ആശുപത്രി പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്.
ഭാരത് ഹെൽത്ത് ഇനീഷ്യേറ്റീവ് ഫോർ സഹയോഗ്, ഹിത, മൈത്രി (BHISHM) എന്ന ഈ പദ്ധതി അടിയന്തര സാഹചര്യങ്ങളിൽ 200 പേർക്ക് വരെ അത്യാഹിത ചികിത്സ നൽകാൻ കഴിയുന്ന സംവിധാനമാണ്. അടിയന്തര സാഹചര്യങ്ങളോ പ്രകൃതിദുരന്തങ്ങളോ ഉണ്ടാകുമ്പോൾ പെട്ടെന്ന് നൽകാൻ കഴിയുന്ന രീതിയിലുള്ള വൈദ്യസഹായമാണ് ഈ പോർട്ടബിൾ ആശുപത്രിയിലൂടെ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
എയർ ഡ്രോപ്പ് വഴി എവിടെയും എത്തിക്കാൻ കഴിയുന്ന ഈ പോർട്ടബിൾ ആശുപത്രിയിൽ നിരവധി നൂതന ഉപകരണങ്ങൾ സജ്ജീകരിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. അടിയന്തര വൈദ്യസഹായത്തിനുള്ള മെഡിക്കൽ സേവനങ്ങളുടെ ഫലപ്രദമായ ഏകോപനം, തത്സമയ നിരീക്ഷണം, കാര്യക്ഷമമായ മാനേജ്മെൻ്റ് എന്നിവ സുഗമമാക്കുന്നതിന് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI), ഡാറ്റ അനലിറ്റിക്സ് എന്നിവയെല്ലാം സമന്വയിപ്പിച്ചാണ് പ്രോജക്ട് ഭീഷ്മ് തയ്യാറാക്കിയിരിക്കുന്നത്.
എയർ ഡ്രോപ്പ് ആവശ്യമില്ലാത്ത സാഹചര്യങ്ങളിൽ ഇരുചക്രവാഹനങ്ങളിലോ ഡ്രോണിലോ പോലും സൗകര്യപ്രദമായി കൊണ്ടുപോകാൻ കഴിയും എന്നുള്ളതാണ് ഈ പോർട്ടബിൾ ആശുപത്രിയുടെ സവിശേഷത.
Discussion about this post