തിരുവനന്തപുരം:ബംഗളൂരുവിലേക്കുള്ള യാത്രയിൽ നവകേരള ബസിനെ കയ്യൊഴിഞ്ഞ് സംസ്ഥാനത്തെ യാത്രികർ. നിലവിൽ ആളില്ലാതെയാണ് നവകേരള ബസ് സർവ്വീസ് നടത്തുന്നത്. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് ഗരുഡ പ്രീമിയം എന്ന പേരിലാണ് നവകേരള ബസ് സർവ്വീസ്.
ഈ മാസം അഞ്ചിനായിരുന്നു നവകേരള ബസ് സർവ്വീസ് ആരംഭിച്ചത്. തുടക്കത്തിൽ ബസ് സർവ്വീസിന് ആളുകൾക്കിടയിൽ വലിയ പ്രിയം ഉണ്ടായിരുന്നു എങ്കിലും പിന്നീട് പതിയെ കുറഞ്ഞു. സൗകര്യപ്രദമല്ലാത്ത സമയ ക്രമം, ഉയർന്ന ടിക്കറ്റ് നിരക്ക് തുടങ്ങിയ കാരണങ്ങളാണ് നവകേരള ബസിന് ആളുകൾക്കിടയിൽ പ്രിയം കുറയാൻ കാരണം.
പുലർച്ചെ നാല് മണിയ്ക്കാണ് നവകേരള ബസ് കോഴിക്കോട് നിന്നും പുറപ്പെടുക. 11.30 ന് ബംഗളൂരുവിൽ എത്തും. ഇവിടെ നിന്നും തിരിച്ച് ഉച്ചയ്ക്ക് 2.30 ന് പുറപ്പെടുന്ന ബസ് 10 ന് കോഴിക്കോട് എത്തും. ഇങ്ങനെ ആയിരുന്നു ബസിന്റെ സമയക്രമം തീരുമാനിച്ചിരുന്നത്. എന്നാൽ ഇത് പാലിക്കാൻ ബസിന് കഴിയുന്നില്ല. ഗതാഗത കുരുക്കിനെ തുടർന്ന് ബസ് വൈകുന്നത് പതിവായിരിക്കുകയാണ്. നാല് മണിയ്ക്ക് പകരം ബസ് സർവ്വീസ് രാവിലെ ആറ് മണിയ്ക്ക് ആക്കണമെന്നാണ് യാത്രികരുടെ ആവശ്യം.
നിലവിൽ ജിഎസ്ടിയുൾപ്പെടെ 1256 രൂപയാണ് ടിക്കറ്റിന് വേണ്ടി നൽകേണ്ടിവരുന്നത്. ഈ ഉയർന്ന നിരക്കും നവകേരള ബസിനോടുള്ള യാത്രക്കാരുടെ വിമുഖതയ്ക്ക് കാരണം ആയിട്ടുണ്ട്. ഉയർന്ന നിരക്ക് ഒഴിവാക്കി സ്റ്റേജ് ഫെയർ കൊണ്ടുവരണം എന്നും ആളുകൾ ആവശ്യപ്പെടുന്നു.
നവകേരള ബസിന് 26 സീറ്റുകൾ ആണ് ഉള്ളത്. ഇരു വശങ്ങളിലേക്കും മുഴുവൻ സീറ്റുകളിലും ആളായാൽ പ്രതിദിനം 65,000 രൂപ വരുമാനമായി ലഭിക്കുമെന്ന ഉദ്ദേശത്തിൽ ആയിരുന്നു ബസ് സർവ്വീസ് ആരംഭിച്ചത്. എന്നാൽ യാത്രികരുടെ എണ്ണം കുറഞ്ഞത് ഈ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഇരു വശങ്ങളിലേക്കുമായുള്ള സർവ്വീസിന് പെട്രോൾ അടിയ്ക്കാൻ മാത്രം 35,000 രൂപയാണ് ചിലവ് വരുന്നത്. ഇതിന് പകുതി വരുമാനം പോലും നിലവിൽ ലഭിക്കുന്നില്ലെന്നാണ് വിവരം. ഈ സാഹചര്യത്തിൽ ബസ് സർവ്വീസ് പൂർണമായും നിർത്തേണ്ടിവരുമെന്നാണ് സൂചന.
Discussion about this post