ആയിരം അപരാധികൾ പോലും രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന ആപ്തവാക്യത്തിലൂന്നി പ്രവർത്തിക്കുന്ന പരമോന്നത നീതപീഠം കൊണ്ട് സമ്പന്നമാണ് നമ്മുടെ ഭാരതം. ഭരണഘടനയിലൂന്നി രാജ്യത്തെ പൗരന്മാർക്ക് നീതി ഉറപ്പാക്കുന്നതിൽ നെടും തൂണുകളായി സുപ്രീംകോടതിയും ഹൈക്കോടതികളും പ്രവർത്തിവരുന്നു. കോടതി മുറികൾക്കുള്ളിലേക്ക് നേരിട്ടെത്തി നടത്തിയിരുന്ന വ്യവഹാരങ്ങൾ കാലചക്രം മുന്നോട്ട് പോയപ്പോൾ ഓൺലൈനിലുമായി.
ഇപ്പോഴിതാ… കോടതിയുമായി ബന്ധപ്പെട്ട അപൂർവ്വ മുഹൂർത്തമാണ് ചർച്ചയാവുന്നത്. ചീഫ് ജസ്റ്റിസായ ഡിവൈ ചന്ദ്രചൂഢ് ആണ് തന്റെ ജീവിതത്തിലുണ്ടായ അഭിമാനനേട്ടത്തെ കുറിച്ച് ഒരു പൊതുവേദിയിൽ മനസു തുറന്നത്. വിമാനയാത്രയ്ക്കിടയിലും കേസിന്റെ വിധി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ജൂഡീഷ്യറിയ്ക്ക് അത്യപൂർവ്വ നേട്ടം സമ്മാനിച്ചത്. ജി-20 രാജ്യങ്ങളിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരുടെ ജെ-20 ഉച്ചകോടിക്ക് ബ്രസീലിലേക്ക് പോകുകന്നതിനിടെയാണ് അദ്ദേഹം വിധി പരിഗണിച്ചത്. ഇതോടെ സുപ്രീംകോടതി ജഡ്ജിമാർ ആകാശത്ത് വെർച്വലായി ചർച്ച ചെയ്ത് തയ്യാറാക്കിയ രാജ്യത്തെ ആദ്യവിധിയെന്ന അപൂർവ്വതയും സംഭവിക്കുകയായിരുന്നു.
ജില്ലാജഡ്ജി സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് ഗുജറാത്ത് ഹൈക്കോടതി പിന്തുടരുന്ന നയം നിയമപരമാണോയെന്ന ചോദ്യത്തിന് മദ്ധ്യവേനലവധിക്ക് സുപ്രീംകോടതി അടയ്ക്കും മുൻപ് വിധി പറയേണ്ടതുണ്ടായിരുന്നു. ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ജെ.ബി. പർദിവാലയാണ് വിധിയെഴുതുന്നത്. വിമാനത്തിലെ ഇന്റർനെറ്റ് സംവിധാനം ഉപയോഗിച്ച് ചീഫ് ജസ്റ്റിസ് അദ്ദേഹത്തെ ബന്ധപ്പെട്ടു. വിധിയുടെ കരട് അപ്പോൾ തന്നെ ജസ്റ്റിസ് പർദിവാല ചീഫ് ജസ്റ്റിസിന് അയച്ചുകൊടുക്കുകയായിരുന്നു. ബെഞ്ചിലെ ജസ്റ്റിസ് മനോജ് മിശ്രയെയും കണക്ട് ചെയ്തു. മൂന്നുപേരും ആശയവിനിമയം നടത്തി വിധി അന്തിമമാക്കി ചരിത്രം രചിക്കുകയായിരുന്നു.
ഇന്നലെയാണ് മദ്ധ്യവേനലവധിക്ക് കോടതിഅടച്ചത്. ഉച്ചകോടിക്ക്ശേഷം മടങ്ങിയെത്തിയ ചീഫ് ജസ്റ്റിസ് ഇന്നലെ തുറന്ന കോടതിയിൽ വിധി വായിച്ചു.ആ സമയത്താണ് ‘വിധിയെഴുത്തിന്റെ അപൂർവതയും കൗതുകവും’ വെളിപ്പെടുത്തിയത്. ജില്ലാജഡ്ജി സ്ഥാനക്കയറ്റം സംബന്ധിച്ച ഗുജറാത്ത്ഹൈക്കോടതിയുടെ നയം ശരിവച്ചുകൊണ്ടായിരുന്നു വിധി.
ബ്രസീലിൽനിന്ന് ഇന്ത്യയിലേക്ക് യാത്രചെയ്തുവന്നതിനാൽ ഈ വിധിപ്രസ്താവം തന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നതാണെന്നായിരുന്നു വിധി പ്രസ്താവം സംബന്ധിച്ച് ജസ്റ്റിസ് പർദിവാലയുടെ പ്രതികരണം. വിമാനത്തിലെ ഇന്റർനെറ്റിന്റെ കാര്യക്ഷമത കാണിക്കാനായി ഈ വിധി വിമാനക്കമ്പനി ഉയർത്തിക്കാട്ടുമെന്ന് മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഘ്വിയും തമാശരൂപത്തിൽ ചൂണ്ടിക്കാട്ടി. എന്തായാലും ആകാശയാത്രയിലും തന്റെ കർത്തവ്യം കൃത്യമായി നിർവഹിച്ച ന്യായാധിപന് അഭിനന്ദനങ്ങളേകുകയാണ് ആളുകൾ.
Discussion about this post