കണ്ണൂർ: മങ്ങാട്ടിടത്ത് റോഡിന് സ്ഥലം വിട്ട് നൽകാത്ത കുടുംബത്തിന് നേരെ പ്രതികാര നടപടിയുമായി സിപിഎം. വീടിന്റെ മതിലും ഗേറ്റും സിപിഎം പ്രവർത്തകർ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ച് നീക്കി. കൂളിക്കടവ് സ്വദേശിനി ഹാജിറയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
മാങ്ങാട്ടിടം പഞ്ചായത്തിലെ കൂളിക്കടവിലേക്കുളള റോഡരികിലാണ് ഹാജിറയുടെ വീട്. ഇവിടെ റോഡ് നവീകരണം നടക്കുന്നുണ്ട്. റോഡിന് വീതി കൂട്ടാൻ സ്ഥലം നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു മതിലും ഗേറ്റും പൊളിച്ച് നീക്കിയത്. ചൊവ്വാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. രാത്രി വീട്ടിൽ എത്തിയ പ്രവർത്തകർ കമ്പികൊണ്ട് വാതിൽ പൂട്ടി വീട്ടുകാരെ ബന്ദികളാക്കിയായിരുന്നു അതിക്രമം നടത്തിയത്.
മണ്ണുമാന്തി യന്ത്രത്തിന്റെ ശബ്ദം കേട്ടായിരുന്നു ഹാജിറ എഴുന്നേറ്റത്. പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും വാതിൽ അടച്ചതിനാൽ ഇതിന് കഴിഞ്ഞില്ല. ജനലിലൂടെ നോക്കിയപ്പോഴായിരുന്നു മതിലും ഗേറ്റും പൊളിച്ചതായി കണ്ടത്. ഉടനെ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
റോഡ് വീതി കൂട്ടാൻ സ്ഥലം നൽകാത്തതിനെ തുടർന്ന് സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി കുടുംബം പരാതിയിൽ പറയുന്നു. സംഭവത്തിൽ കൂത്ത്പറമ്പ് പോലീസാണ് കേസ് എടുത്തത്. അതേസമയം മതിലും ഗേറ്റും പൊളിച്ചത് തങ്ങൾ അല്ലെന്നാണ് സിപിഎമ്മിന്റെ വാദം.












