ചെന്നൈ; ഇടുക്കി ജില്ലയിൽ സിലന്തി (ചിലന്തിയാർ)നദിക്ക് കുറുകെ നിർമിക്കുന്ന ചെക്ക് ഡാം നിർമാണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. സിലന്തി നദിക്ക് കുറുകെ അണക്കെട്ട് നിർമിക്കുന്നുവെന്ന റിപ്പോർട്ടുകളും ദൃശ്യങ്ങളും ശ്രദ്ധയിൽപ്പെട്ട സ്റ്റാലിൻ, അത്തരം നിർമാണവുമായി ബന്ധപ്പെട്ട രേഖകളൊന്നും തമിഴ്നാട് സർക്കാരിനോ കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റിക്കോ നൽകിയിട്ടില്ലെന്നും പറഞ്ഞു.അമരാവതി നദിയുടെ പോഷകനദിയായ ചിലന്തിയാർ ഇടുക്കി ജില്ലയിലൂടെയാണ് ഒഴുകുന്നത്. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തിന് കോട്ടം തട്ടാതിരിക്കാനും പ്രശ്‌നം രമ്യമായി പരിഹരിക്കാനും തടയണ നിർമാണം നിർത്തിവയ്ക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു.
അണക്കെട്ട് നിർമ്മാണം അമരാവതി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് തടസ്സപ്പെടുത്തുമെന്ന ആശങ്കയിലാണ് തമിഴ്നാട്ടിലെ കർഷകർ, ഉള്ളതെന്ന് സ്റ്റാലിൻ അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു. തടയണയുടെ വിവരങ്ങൾ തമിഴ്‌നാടുമായോ കാവേരി നദീജല മാനേജ്‌മെന്റ് അതോറിറ്റിയുമായോ കേരളം പങ്കുവച്ചിട്ടില്ല. അതുകൊണ്ടുതന്നെ തമിഴ്‌നാട് ജലവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടതു പ്രകാരം ചിലന്തിയാറിലെ തടയണ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറണം. ഭവാനി, അമരാവതി നദികളിൽ കേരളം ആസൂത്രണം ചെയ്യുന്ന പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും കൈമാറണമെന്നും സ്റ്റാലിൻ കത്തിൽ ആവശ്യപ്പെട്ടു.
കേരളത്തിലെ വട്ടവട ഗ്രാമപഞ്ചായത്തിന് കുടിവെള്ളം എത്തിക്കുകയാണ് ചെക്ക് ഡാം ലക്ഷ്യമിടുന്നത്. തിരുപ്പൂർ, കരൂർ ജില്ലകളിലെ കൃഷിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട്ടിലെ കർഷകർ പദ്ധതിക്കെതിരെ സമരം നടത്തുന്നത്.
നേരത്തെ, തെരഞ്ഞെടുപ്പിനെത്തുടർന്ന് മുഖ്യമന്ത്രി സ്റ്റാലിൻ വിഷയത്തിൽ കണ്ണടച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസാമിയും മറ്റ് കക്ഷിനേതാക്കളും വിമർശിച്ചിരുന്നു
Discussion about this post