ന്യൂഡൽഹി : ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾക്കായി അധ്വാനിച്ച എല്ലാ ഗ്രൗണ്ട്സ്മാൻമാർക്കും ക്യൂറേറ്റർമാർക്കും 25 ലക്ഷം രൂപ വീതം പാരിതോഷികം നൽകും. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ഈ വമ്പൻ പ്രഖ്യാപനം നടത്തിയിട്ടുള്ളത്. ഐപിഎല്ലിലെ അറിയപ്പെടാത്ത നായകർ എന്നാണ് ജയ് ഷാ ഗ്രൗണ്ട്സ്മാൻമാരെയും ക്യൂറേറ്റർമാരെയും വിശേഷിപ്പിച്ചത്.
ദുഷ്കരമായ കാലാവസ്ഥയിലും ഏറ്റവും മികച്ച രീതിയിൽ ഉജ്ജ്വലമായ പിച്ചുകൾ ഒരുക്കിയതിന് ബിസിസിഐ സെക്രട്ടറി ഗ്രൗണ്ട്സ്മാൻമാർക്ക് നന്ദി അറിയിച്ചു. ആ അധ്വാനത്തിന് പിന്നിലെ അവരുടെ കഠിനമായ പരിശ്രമങ്ങൾക്ക് നൽകുന്ന അംഗീകാരമാണ് ബിസിസിഐ നൽകുന്ന പാരിതോഷികം എന്നും അദ്ദേഹം സൂചിപ്പിച്ചു. ഐപിഎല്ലിന്റെ 10 വേദികളിലെ ഗ്രൗണ്ട്സ്മാൻമാർക്കും ക്യൂറേറ്റർമാർക്കും ആണ് 25 ലക്ഷം രൂപ പാരിതോഷികം നൽകുന്നത്.
അതേസമയം ഐപിഎൽ മത്സരങ്ങൾക്ക് അധിക വേദികളായി സ്വീകരിച്ച മൂന്ന് വേദികളിൽ ജോലി ചെയ്ത ഗ്രൗണ്ട്സ്മാൻമാർക്കും ക്യൂറേറ്റർമാർക്കും 10 ലക്ഷം രൂപ പാരിതോഷികമായി നൽകുമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. ബിസിസിഐയുടെ ഈ തീരുമാനത്തിന് വലിയ കയ്യടികളാണ് ഉയരുന്നത്. തിരശ്ശീലയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന അറിയപ്പെടാത്ത തങ്ങളുടെ അധ്വാനം തിരിച്ചറിയുന്നതിനും അംഗീകരിക്കുന്നതിനും ബിപിസിഐ സെക്രട്ടറിയോടും എല്ലാ ഉദ്യോഗസ്ഥരോടും നന്ദി അറിയിക്കുന്നതായി രാജസ്ഥാൻ റോയൽസ് ഹോം ഗ്രൗണ്ട് സവായ് മാൻസിംഗ് സ്റ്റേഡിയത്തിലെ ക്യൂറേറ്റർ ആയ തപോഷ് ചാറ്റർജി സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചു.
Discussion about this post