ഡല്‍ഹി: റിസര്‍ച്ച് ഫെലോഷിപ്പ് അനുവദിച്ചില്ലെങ്കില്‍ ജെ.എന്‍.യുവില്‍ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി ദളിത് വിദ്യാര്‍ത്ഥി. പി.എച്ച്.ഡി വിദ്യാര്‍ത്ഥിയായ മദന്‍ മെഹര്‍ ആണ് ഫെലോഷിപ്പ് അനുവദിച്ചില്ലെങ്കില്‍ സര്‍വകലാശാല അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് മുന്നില്‍ ആത്മഹത്യ ചെയ്യുമെന്നറിയിച്ച് വൈസ് ചാന്‍സലര്‍ക്ക് കത്തുകളെഴുതിയിരിക്കുന്നത്.
പി.എച്ച്.ഡി പൂര്ത്തിയാക്കാതിരിക്കാനാണ് സര്‍വകലാശാല ഗ്രാന്റ് അനുവദിക്കാതിരിക്കുന്നതെന്നും തന്റെ ഡിപ്പാര്‍ട്ട്മെന്റില്‍ ഒരു ദളിത് വിദ്യാര്‍ത്ഥിക്ക് പോലും പി.എച്ച്.ഡി ലഭിച്ചിട്ടില്ലെന്നും മെഹര്‍ ആരോപിക്കുന്നു.
റിസര്‍ച്ച് ഗ്രാന്റ് ഒരു വര്‍ഷത്തേക്ക് കൂടി അനുവദിക്കണമെന്നാണ് മെഹറിന്റെ ആവശ്യം. ഗവേഷണത്തിന്റെ 90 ശതമാനവും പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സാധാരണയായി ഒരു വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടി നല്‍കുന്നുണ്ടെന്നും ദളിതനായതില്‍ ഇത് നിഷേധിക്കപ്പെടുന്നുവെന്നും വിദ്യാര്‍ത്ഥി ആരോപിക്കുന്നു.
അതേ സമയം ഫിനാന്‍സ് വിഭാഗത്തില്‍ നിന്നും ക്ലിയറന്‍സ് ലഭിക്കാത്തതിനാലാണ് ഫെല്ലോഷിപ്പ് തടഞ്ഞു വെച്ചതെന്ന് സര്‍വകലാശാല അധികൃതര്‍ പറഞ്ഞു. വിദ്യാര്‍ത്ഥിയുടെ പ്രശ്നം ഉടനടി പരിഹരിക്കുമെന്ന് ജെ.എന്‍.യു വി.സി എസ്.കെ സോപോരി പറഞ്ഞു.
Discussion about this post