ന്യൂഡൽഹി: സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് മുംബൈയിലേക്ക് തിരിച്ച ആകാശ എയറിന്റെ വിമാനം അടിയന്തരമായി അഹമ്മദാബാദിൽ ഇറക്കി. ഡൽഹി- മുംബൈ വിമാനമാണ് വഴിതിരിച്ച് അഹമ്മദാബാദിൽ ഇറക്കിയത്. രാവിലെ 10.30 ഓടെയായിരുന്നു വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയത്.
ഒരു കുഞ്ഞുൾപ്പെടെ 186 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ട വീമാനം സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കിയതിന് ശേഷം യാത്രക്കാരെ ഒഴിപ്പിച്ചു. തുടർന്ന് മറ്റ് അടയന്തര നടപടികൾ കൈക്കൊണ്ടതായി ആകാശ എയറിന്റെ വക്താവ് അറിയിച്ചു.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നിരവധി എയർലൈനുകളുടെ സർവീസുകളാണ് സുരക്ഷാ മുന്നറിയിപ്പിനെ തുടർന്നും ബോംബ് ഭീഷണിയെ തുടർന്നും അടിയന്തര ലാൻഡിംഗ് നടത്തിയത്. ഇന്നലെ, 306 യാത്രക്കാരുമായി പോയ വിസ്താര വിമാനം അടിയന്തരമായി ഇറക്കിയിരുന്നു. കൈപ്പടയിലെഴുതിയ ബോംബ് ഭീഷണി വിമാനത്തിനുള്ളിൽ നിന്നും ലഭിച്ചതിനെ തുടർന്നാണ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയത്. സമാന രീതിയിൽ ബോംബ് ഭീഷണിയെ തുടർന്ന് ശനിയാഴ്ച്ച വൈകീട്ടോടെ വാരണാസി- ഡൽഹി ഇൻഡിഗോ വിമാനവും അടിയന്തര ലാൻഡിംഗ് നടത്തിയിരുന്നു.
Discussion about this post