ഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടിയില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്. വെള്ളിയാഴ്ചയോടെ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്.
അരുണാചല്‍ പ്രദേശില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസ് നല്കിയ ഹര്‍ജി സ്വീകരിച്ചാണ് സുപ്രീംകോടതി അടിയന്തര നടപടികള്‍ സ്വീകരിച്ചിരിച്ചത്. ഭരണഘടനാ കാര്യങ്ങള്‍ പരിശോധിക്കുന്ന അഞ്ചംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
കേസ് പരിഗണിക്കവെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പതിനഞ്ച് മിനിട്ടിനകം എത്തിക്കാനും അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്കി.
റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ അരുണാചല്‍പ്രദേശ് ഗവര്‍ണര്‍ ജ്യോതി പ്രസാദ് രാജ്കൊവയോട് കോടതി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം എടുക്കും എന്ന് ഗവര്‍ണര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് പതിനഞ്ച് മിനിട്ടിനുള്ളില്‍ റിപ്പോര്‍ട്ട് എത്തിക്കാന്‍ സുപ്രീംകോടതി ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കിയത്.
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. നബാം ടുക്കിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ ഗവര്‍ണര്‍ പുറത്താക്കുകയും പിന്നീട് ഈ നടപടി ഹൈകോടതി റദ്ദാക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് അരുണാചലില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്.
Discussion about this post