ഒരൊറ്റ നിമിഷം മതി ജീവിതം മാറി മറിയാൻ…ചിലർക്കത് ഇരുപതുകളിൽ സംഭവിക്കാം, മറ്റ് ചിലർക്ക് 40കളിലാവാം. വ്യാപാരിയായിരുന്ന ഡാനിയൽ ഡിഫോ ആദ്യ നോവലായ റോബിൻസൺ ക്രൂസോ പ്രസിദ്ധീകരിക്കുന്നത് അദ്ദേഹത്തിന്റെ 59 ാം വയസിലാണ്… ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റാവുന്നത് 71ാം വയസിൽ…അങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ…
വിരമിച്ചാൽ വിശ്രമജീവിതത്തിന് സമയമായെന്നും കരുതി ഒതുങ്ങിക്കൂടാതെ, സ്വപ്‌നം കണ്ടത് നേടാൻ പ്രായമൊരു തടസ്സമേയല്ലെന്ന് തെളിയിച്ച വ്യക്തിയാണ് അന്തരിച്ച കൃഷ്ണദാസ് പോൾ. അറുപതാം വയസിലാണ് കൃഷ്ണദാസ് ബിസിനസ് ലോകത്തേക്ക് കാലെടുത്തു വയ്ക്കുന്നത്. പരിചയക്കുറവ് മൂലം തുടക്കത്തിൽ 15 കോടി രൂപയോളം നഷ്ടം വന്നെങ്കിലും ആയിരക്കണക്കിന് കോടി രൂപ വിറ്റുവരവുള്ള ഒരു കമ്പനി തന്നെ അദ്ദേഹം പിന്നീട് പടുത്തുയർത്തി.
2000ത്തിലാണ് കൃഷ്ണദാസ് പോൾ തന്റെ കമ്പനിയായ സാജ് ആരംഭിക്കുന്നത്. മക്കളായ ജയിത, അർപാൻ, ശർമിഷ്ട എന്നിവരുടെ പേരിന്റെ ആദ്യാക്ഷരങ്ങളായിരുന്നു കമ്പനിയ്ക്ക് നൽകിയത്. ബിസ്‌ക് ഫാം എന്നറിയപ്പെടുന്ന ഈ ബിസ്‌ക്ക്റ്റ് കമ്പനി ആദ്യവർഷങ്ങളിൽ നേരിയ ലാഭം നൽകിയെങ്കിലും 2004 ൽ വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. 15 കോടി രൂപയുടെ നഷ്ടമാണ് അന്ന് അദ്ദേഹത്തിന് ഉണ്ടായത്.
എന്നാൽ, തളരാൻ കൃഷ്ണദാസ് പോൾ തയ്യാറായിരുന്നില്ല. എങ്ങനെ ഈ പ്രതിസന്ധി തരണം ചെയ്യാം എന്നദ്ദേഹം ചിന്തിച്ചു. ഒടുവിൽ ബിസിനസ് ഫോക്കസ് മാറ്റി പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു. കിഴക്കൻ ഇന്ത്യയിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. ആ നീക്കം ഫലം കണ്ടു. 2008ൽ കമ്പനിയുടെ സെയിൽസ് 200 കോടി രൂപയിലേക്ക് കുതിച്ചു.
വ്യത്യസ്തമായ ഫ്‌ളേവറുകളിൽ നിരവധി ബിസ്‌ക്കറ്റുകൾ വിപണിയിലെത്തിച്ച് കമ്പനി ഉപഭോക്താക്കളുടെ മനസ് കീഴടക്കി. പ്രത്യേകിച്ചും വെസ്റ്റ് ബംഗാൾ, ഝാർഖണ്ഡ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിസ്ക് ഫാം വലിയ സ്വീകാര്യത നേടി.
2020ൽ കോവിഡ് കാലത്താണ് കൃഷ്ണദാസ് പോൾ ഈ ലോകത്തോട് വിടവാങ്ങിയത്.
അച്ഛന്റെ മരണ ശേഷം മകൻ അർപാൻ പോൾ ബിസിനസ് ഏറ്റെടുത്തു. ഇന്ന് ബിസ്‌ക് ഫാം വിപണിയിലെ 40 ശതമാനവും കൈയ്യടിക്കിവച്ചിരിക്കുന്ന ഇന്ത്യയിലെ പ്രമുഖ കമ്പികളിലൊന്നായി മാറിയിരിക്കുകയാണ്. 2000 കോടിയിലധികമാണ് കമ്പനിയുടെ ഒരു വർഷത്തെ മാത്രം വിറ്റുവരവ്.
60 ാം വയസിൽ നിശ്ചയദാർഢ്യത്തോടയും ആത്മവിശ്വാസത്തോടെയും കൃഷ്ണദാസ് സ്വപ്‌നം കണ്ട ലക്ഷ്യം ഇന്ന് വിജയക്കൊടുമുടിയിലെത്തിയിരിക്കുന്നു. ദൂരെ മറ്റേതെങ്കിലും ലോകത്തിരുന്ന്
താൻ അടിത്തറ പാകിയ കമ്പനിയുടെ വളർച്ച കണ്ട് അദ്ദേഹം സന്തോഷിക്കുന്നുണ്ടാവും. തീർച്ചയായും, കൃഷ്ണദാസ് പോൾ എന്ന ബംഗാളി ബിസിനസുകാരന്റെ
വിജയഗാഥ വളർന്നു വരുന്ന സംരംഭകർക്ക് ഒരു പാഠ പുസ്തകമാണ്.
Discussion about this post