തൃശ്ശൂർ: കെ. മുരളീധരന്റെ തിരഞ്ഞെടുപ്പിന് പിന്നാലെ തൃശ്ശൂർ ഡിസിസി ഓഫീസിൽ പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല്. ഇന്ന് വൈകീട്ട് നടന്ന യോഗത്തിനിടെയാണ് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടിയത്. കൂട്ടത്തല്ലിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഡിസിസി സെക്രട്ടറിയും കെ.മുരളീധരന്റെ അടുത്ത അനുയായിയുമായ സജീവൻ കുര്യച്ചിറയെ ഡിസിസി അദ്ധ്യക്ഷൻ ജോസ് വള്ളൂരും അനുയായികളും ചേർന്ന് പിടിച്ച് തള്ളിയെന്നാണ് പരാതി. ഇതാണ് നേതാക്കൾ തമ്മിലുള്ള കൂട്ടത്തല്ലിൽ കലാശിച്ചത്. മാദ്ധ്യമപ്രവർത്തകർക്ക് മുൻപിലായിരുന്നു കയ്യാങ്കളി.
സംഘർഷം പരിഹരിച്ചിട്ടും നേതാക്കൾ തമ്മിൽ വാക്ക് തർക്കം തുടർന്നു. സംഭവത്തിന് പിന്നാലെ സജീവൻ കുര്യച്ചിറ മാദ്ധ്യമങ്ങൾക്ക് മുൻപിൽ പൊട്ടിക്കരഞ്ഞു. തന്നെ വിളിച്ചു വരുത്തി ഡിസിസി പ്രസിഡന്റും അദ്ദേഹത്തിന്റെ ഗുണ്ടകളും ചേർന്ന് കയ്യേറ്റം ചെയ്തുവെന്ന് പറഞ്ഞായിരുന്നു അദ്ദേഹം പൊട്ടിക്കരഞ്ഞത്.
മുരളീധരന്റെ തോൽവിയ്ക്ക് പിന്നാലെ തന്നെ കോൺഗ്രസിനുള്ളിൽ അമർഷം പുകഞ്ഞിരുന്നു. ഇതാണ് ഇപ്പോൾ കയ്യാങ്കളിയിൽ അവസാനിച്ചിരിക്കുന്നത്. മുരളീധരന്റെ തോൽവിയ്ക്ക് പിന്നിൽ ജോസ് വള്ളൂരാണെന്നാണ് ഉയരുന്ന ആരോപണം.
Discussion about this post