മാലി : ഇന്ത്യയിൽ മൂന്നാമതും പ്രധാനമന്ത്രിയായി അധികാരത്തിലേറുന്ന നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചത് തനിക്ക് കിട്ടിയ വലിയ ബഹുമതി ആണെന്ന് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. നല്ല ഉഭയകക്ഷി ബന്ധത്തിൻ്റെ സൂചനയായാണ് പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കുള്ള ക്ഷണത്തെ കണക്കാക്കുന്നത് എന്നും മുയിസു സൂചിപ്പിച്ചു.
ഞായറാഴ്ച നടക്കുന്ന മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്കുള്ള ക്ഷണത്തിന് മുയിസു നന്ദി പ്രകടിപ്പിച്ചു. മാലിദ്വീപും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടത് ഏറെ പ്രാധാന്യമുള്ളതാണെന്നും മുയിസു അറിയിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം പ്രസിഡൻ്റ് മുയിസു സ്വീകരിച്ചതായി അദ്ദേഹത്തിൻ്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. മാലിദ്വീപിലെ ഇന്ത്യയുടെ ഹയർ കമ്മീഷണർ മുനു മഹാവാർ ആണ് മുയിസുവിന് സത്യപ്രതിജ്ഞ ചടങ്ങിയിലേക്കുള്ള ക്ഷണക്കത്ത് നൽകിയത്.
ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പിന്റെ ഫലം വന്ന ഉടൻ തന്നെ മുയിസു മോദിയെ അഭിനന്ദിക്കുകയും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇന്ത്യൻ പ്രധാനമന്ത്രിയുമായി ചേർന്ന് പ്രവർത്തിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. മാലിദ്വീപിന് പുറമെ ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ, മൗറീഷ്യസ്, സീഷെൽസ് എന്നിവയുൾപ്പെടെയുള്ള അയൽ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post