ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണ അധികാരത്തിലേറുന്ന സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രതിപക്ഷ നേതാക്കൾക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് കോൺഗ്രസ്. കോൺഗ്രസ് നേതാവ് ജയറാം രമേശ് ആണ് ഇക്കാര്യം അറിയിച്ചത്. ക്ഷണിച്ചാൽ തീർച്ചയായും ചടങ്ങിൽ പങ്കെടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
നിലവിൽ രാജ്യാന്തര നേതാക്കൾക്ക് മാത്രമാണ് ക്ഷണം നൽകിയിട്ടുള്ളത് എന്നാണ് അറിയുന്നത്. ഇൻഡി സഖ്യത്തിലെ നേതാക്കളെ ക്ഷണിച്ചാൽ തീർച്ചയായും പങ്കെടുക്കുന്നതായിരിക്കും എന്നും ജയറാം രമേശ് അഭിപ്രായപ്പെട്ടു. ഞായറാഴ്ച വൈകിട്ട് 7:15ന് രാഷ്ട്രപതി ഭവനിൽ വച്ച് നടക്കുന്ന ചടങ്ങിൽ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകുന്ന പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്നത്.
മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുകളിലേക്ക് ഇന്ത്യയുടെ അയൽ രാജ്യങ്ങളിലെ നേതാക്കളെയാണ് വിശിഷ്ടാതിഥികളായി ക്ഷണിച്ചിട്ടുള്ളത്. ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ, മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, സീഷെൽസ് പ്രസിഡന്റ് അഹമ്മദ് അഫീഫ്, ബംഗ്ലാദേശിൽ നിന്നും ഷെയ്ഖ് ഹസീന, മൗറീഷ്യസിലെ പ്രവിന്ദ് കുമാർ ജുഗ്നൗത്ത്, നേപ്പാളിലെ പ്രചണ്ഡ പുഷ്പ കമാൽ ദഹൽ, ഭൂട്ടാനിലെ ഷെറിംഗ് ടോബ്ഗേ എന്നിവരെ ഇന്ത്യ ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ഈ നേതാക്കൾ എല്ലാവരും തന്നെ ന്യൂഡൽഹിയിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Discussion about this post