ന്യൂഡൽഹി : തെലുങ്ക് ദേശം പാർട്ടി സ്ഥാനാർഥിയായി ഗുണ്ടൂരിൽ നിന്നും മത്സരിച്ച വിജയിച്ച ചന്ദ്രശേഖർ പെമ്മസാനി എൻഡിഎ സർക്കാരിന്റെ ഭാഗമായി കേന്ദ്രമന്ത്രിസഭയിലേക്ക് എത്തുകയാണ്. പൊതു തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികളിൽ ഏറ്റവും ധനികനായ വ്യക്തി എന്ന നിലയിൽ ഏറെ ശ്രദ്ധേയനായിരുന്നു ചന്ദ്രശേഖർ പെമ്മസാനി. ഗുണ്ടൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നും ആദ്യമായി മത്സരത്തിനിറങ്ങിയ പെമ്മസാനി 3,44,695 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.
48 കാരനായ ചന്ദ്രശേഖർ പെമ്മസാനി ഡോക്ടറായി ജോലി ചെയ്തുവരുന്നതിനിടയിലാണ് 2024ലെ പൊതു തിരഞ്ഞെടുപ്പിൽ ആദ്യമായി സ്ഥാനാർഥിയാകുന്നത്. 5,700 കോടി രൂപയിലധികം ആസ്തി തന്റെ കുടുംബത്തിന് ഉള്ളതായാണ് പെമ്മസാനിയുടെ തിരഞ്ഞെടുപ്പ് പത്രിക സൂചിപ്പിക്കുന്നത്. രാജ്യത്തെ എല്ലാ സ്ഥാനാർത്ഥികളിലും വെച്ച് ഏറ്റവും അധികം ആസ്തി വെളിപ്പെടുത്തിയതും ചന്ദ്രശേഖർ പെമ്മസാനി ആണ്.
2024 ജനുവരിയിൽ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച മുൻ ടിഡിപി എംപിയും വ്യവസായിയുമായ ജയദേവ് ഗല്ലയുടെ പിൻഗാമി ആയാണ് ചന്ദ്രശേഖർ പെമ്മസാനി ഗുണ്ടൂർ മണ്ഡലത്തിൽ മത്സരിച്ചിരുന്നത്. മെഡിക്കൽ പ്രവേശന പരീക്ഷയിൽ 27ആം റാങ്ക് നേടിക്കൊണ്ട് വിദ്യാർത്ഥി ആയിരിക്കെ തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്ന വ്യക്തിയായിരുന്നു പെമ്മസാനി. ഹൈദരാബാദിലെ ഒസ്മാനിയ മെഡിക്കൽ കോളേജിൽ നിന്നും മെഡിക്കൽ ബിരുദവും അമേരിക്കയിലെ പെൻസിൽവാനിയയിലുള്ള ഗീസിംഗർ മെഡിക്കൽ സെൻ്ററിൽ നിന്നും ഇൻ്റേണൽ മെഡിസിനിൽ എം.ഡി.യും കരസ്ഥമാക്കിയ ശേഷമാണ് അദ്ദേഹം ഡോക്ടറായി സേവനമനുഷ്ഠിച്ചിരുന്നത്. കേന്ദ്രമന്ത്രിസഭയിലേക്ക് എത്തുന്ന പെമ്മസാനി മികച്ച പ്രവർത്തനം തന്നെ കാഴ്ചവയ്ക്കും എന്നാണ് എൻഡിഎ സർക്കാർ പ്രതീക്ഷിക്കുന്നത്.
Discussion about this post