ന്യൂഡൽഹി : ഇന്ത്യയുടെ വാഹന കയറ്റുമതിയിൽ കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ വൻ വർദ്ധനവ് ഉണ്ടായതായി റിപ്പോർട്ട്. 4 വർഷത്തിനുള്ളിൽ 2.68 ലക്ഷം യൂണിറ്റുകളുടെ വർദ്ധനവാണ് വാഹന കയറ്റുമതിയിൽ ഇന്ത്യക്ക് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം ഇന്ത്യയുടെ വാഹന കയറ്റുമതി 6,72,105 യൂണിറ്റായിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ത്യൻ വാഹന കയറ്റുമതിയുടെ 70 ശതമാനവും സ്വന്തമാക്കിയിരിക്കുന്നത് മാരുതി സുസുക്കി ആണ്.
2020-21 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്നും ഉള്ള യാത്രാ വാഹന കയറ്റുമതി 4,04,397 യൂണിറ്റായിരുന്നു. 2021-22 സാമ്പത്തിക വർഷത്തിൽ ഇത് 5,77,875 യൂണിറ്റായും 2022-23ൽ 6,62,703 യൂണിറ്റായും ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യൻ വാഹന കയറ്റുമതി 6,72,105 യൂണിറ്റായി ഉയർന്നു. 2021 മുതൽ 2024 വരെയുള്ള കാലഘട്ടത്തിൽ മാരുതി സുസുക്കിയുടെ വാഹന കയറ്റുമതിയിൽ മാത്രം 1,85,774 യൂണിറ്റുകളുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
ആഗോള ഉൽപ്പാദന മാനദണ്ഡങ്ങൾ പാലിച്ചുള്ള നിർമ്മാണ രീതികൾ , മെച്ചപ്പെടുത്തിയ പുതിയ മോഡലുകൾ, ടൊയോട്ടയുമായുള്ള ബന്ധം എന്നിവ കയറ്റുമതിയുടെ അളവ് വർദ്ധിപ്പിക്കാൻ സഹായിച്ചതായാണ് മാരുതി സുസുക്കി ഇന്ത്യ വ്യക്തമാക്കുന്നത്. ലോകമെമ്പാടുമുള്ള 100 രാജ്യങ്ങളിലേക്ക് മാരുതി സുസുക്കി നിലവിൽ വിവിധ വാഹനങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട് . നിലവിൽ ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ, ചിലി, മെക്സിക്കോ എന്നിവയാണ് കമ്പനിയുടെ മുൻനിര വിദേശ വിപണികൾ.
ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ഐവറി കോസ്റ്റ് എന്നീ രാജ്യങ്ങളും മാരുതി സുസുക്കി വാഹനങ്ങൾ കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങൾ ആണ്. മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലുകളായ ബലേനോ, ഡിസയർ, സ്വിഫ്റ്റ്, എസ്-പ്രെസ്സോ, ഗ്രാൻഡ് വിറ്റാര, ജിംനി, സെലേറിയോ, എർട്ടിഗ തുടങ്ങിയവയ്ക്കാണ് കയറ്റുമതി വിപണിയിൽ കൂടുതൽ ഡിമാൻഡ് ഉള്ളത്.
Discussion about this post