ശ്രീനഗർ: ജമ്മുകശ്മീരിലെ റിയാസി ജില്ലയിൽ ഇന്നലെ വൈകുന്നേരത്തോടെ ഉണ്ടായ ഭീകരാക്രമണത്തിന്റെ നടുക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തി ആക്രമണം അതിജീവിച്ചയാൾ. എല്ലാവരും കൊല്ലപ്പെട്ടുവെന്ന് ഉറപ്പാക്കാൻ വാഹനം തോട്ടിൽ വീണിട്ടും ഭീകരർ വെടിയുതിർത്തു. ജീവൻ രക്ഷിക്കാനായി ശബ്ദമുണ്ടാക്കാതെ മരിച്ചത് പോലെ കിടക്കുകയായിരുന്നുവെന്ന് യാത്രക്കാരൻ പറയുന്നു.
അവർ 6-7 പേരുണ്ടായിരുന്നു. മുഖംമൂടികൾ ധരിച്ചായിരുന്നു എത്തിയത്. ആദ്യം തന്നെ റോഡിന്റെ എല്ലാവശങ്ങളിൽ നിന്നും ബസിന് നേരെ ചാടിവീണ് വെടിയുതിർത്തു. ബസ് തോട്ടിലേക്ക് വീണപ്പോൾ ഭീകരർ അതിനടുത്തേക്ക് വന്ന് വെടിയുതിർത്തുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു.
അവർ ഞങ്ങൾ മരിച്ചുവെന്ന് വിശ്വസിക്കാൻ നിശബ്ദത പാലിച്ചു. വൈകുന്നേരം 6 മണിക്ക് ഷിവ്‌ഖോർഹിയിൽ നിന്ന് (റിയാസി) വൈഷ്ണോദേവിയിലേക്ക് ബസിൽ കയറി 30 മിനിറ്റിന് ശേഷമാണ് സംഭവം. ഞങ്ങൾ ഭയന്നു, ഞങ്ങളുടെ വീടുകളിലേക്ക് മടങ്ങാൻ ആഗ്രഹിച്ചു. ബസിൽ കുട്ടികളും സ്ത്രീകളും ഉണ്ടായിരുന്നു, ഈ ആക്രമണം നടന്ന് 10-15 മിനിറ്റുകൾക്ക് ശേഷം ഞങ്ങളെ രക്ഷിക്കാൻ പോലീസും നാട്ടുകാരും എത്തി,’ ദൃക്സാക്ഷി കൂട്ടിച്ചേർത്തു.
അതേസമയം തീർഥാടകർ സഞ്ചരിച്ച ബസിനുനേരെയുണ്ടായ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് ജമ്മു കശ്മീരിലെ റിയാസിയിൽ ഇന്ത്യൻ സൈന്യം തെരച്ചിൽ ആരംഭിച്ചു. സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സും (എസ്ഡിആർഎഫ്) റിയാസിയിൽ എത്തിയിട്ടുണ്ട്.










Discussion about this post