തൃശ്ശൂർ : ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ കോൺഗ്രസിന് ഏറ്റ കനത്ത തോൽവിയെ തുടർന്ന് തൃശ്ശൂർ ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ രാജിവച്ചു. കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന കെ മുരളീധരന്റെ തോൽവിയെ തുടർന്ന് ഡിസിസി ഓഫീസിൽ ഉണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ജില്ലാ പ്രസിഡണ്ട് ജോസ് വളളൂർ രാജി സമർപ്പിച്ചിരിക്കുന്നത്.
തിങ്കളാഴ്ച തൃശ്ശൂരിലെ ഡിസിസി ഓഫീസിൽ എത്തിയാണ് ജോസ് വള്ളൂർ രാജി പ്രഖ്യാപിച്ചത്. ഇതോടൊപ്പം തന്നെ തൃശ്ശൂർ ജില്ലാ യുഡിഎഫ് ചെയർമാൻ എംപി വിൻസെന്റും രാജിവെച്ചു. തിരഞ്ഞെടുപ്പിന് ശേഷം തൃശ്ശൂർ ഡിസിസി ഓഫീസിൽ ഉണ്ടായ സംഘർഷങ്ങളുടെയും അടിപിടിയുടെയും ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് രാജിവെക്കുന്നത് എന്നാണ് എം പി വിൻസെന്റ് വ്യക്തമാക്കിയത്.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വിധി വന്നതിന് പിന്നാലെ തൃശൂർ ഡിസിസി ഓഫീസിൽ ഉണ്ടായ തമ്മിൽതല്ലിൽ നടപടി സ്വീകരിക്കാനായി നേരത്തെ ഹൈക്കമാൻഡ് കെപിസിസിക്ക് നിർദ്ദേശം നൽകിയിരുന്നു. എഐസിസിയുടെ ഈ നിർദ്ദേശം അംഗീകരിച്ചാണ് ജോസ് വള്ളൂരും എംപി വിൻസെന്റും നിലവിൽ രാജി പ്രഖ്യാപിച്ചിരിക്കുന്നത്.
Discussion about this post