ഇസ്‌ലാമാബാദ് : ഇന്ത്യയിലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്ന ആറ് ദിവസങ്ങൾക്ക് ശേഷം അഭിപ്രായപ്രകടനം നടത്തി പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് ഷെഹബാസ് ഷെരീഫ് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചു. ഒരാഴ്ചയോളം നീണ്ട മൗനത്തിനു ശേഷമുള്ള പാകിസ്താൻ പ്രധാനമന്ത്രിയുടെ ആശംസകൾക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അറിയിച്ചു.
ഇന്ത്യൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ എന്നാണ് ഷെരീഫ് തന്റെ സമൂഹമാദ്ധ്യമ പോസ്റ്റിൽ കുറിച്ചത്. 2019-ൽ ജമ്മു കശ്മീർ സംസ്ഥാനത്തിൻ്റെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയതിനെ തുടർന്ന് പാകിസ്താൻ ഇന്ത്യയുമായുള്ള വ്യാപാരബന്ധം അടക്കമുള്ളവ അവസാനിപ്പിക്കുകയായിരുന്നു.
ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ എൻഡിഎ വിജയത്തിന് നൂറോളം രാജ്യങ്ങളിലെ നേതാക്കൾ നേരത്തെ നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു.
ഞായറാഴ്ച നടന്ന പ്രധാനമന്ത്രി മോദിയുടെയും കേന്ദ്ര മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയുടെ അയൽരാജ്യങ്ങളിലെയും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെയും ഏഴ് നേതാക്കൾ പങ്കെടുക്കുകയും ചെയ്തിരുന്നു.
Discussion about this post