ന്യൂഡൽഹി: കൊല്ലത്തെ ആഴക്കടലിലുള്ള ക്രൂഡ് ഓയിൽ സാധ്യതകൾ വിനിയോഗിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഉറപ്പ്. മന്ത്രാലയത്തിൽ എത്തി ചുമതലയേറ്റെടുത്ത ശേഷം മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് സുരേഷ് ഗോപിയുടെ ഈ പ്രതികരണം.
പെട്രോളിയം വകുപ്പ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചതല്ല. വകുപ്പുമായി ബന്ധപ്പെട്ട് എന്നിൽ നിന്ന് എന്താണ് പ്രധാനമന്ത്രി പ്രതീക്ഷിക്കുന്നത് എന്നതിനെ കുറിച്ച് ഗഹനമായി ചിന്തിക്കേണ്ടിയിരിക്കുന്നു. നിലവിൽ രാജ്യത്തെ പെട്രോളിയം സെക്ടറിന്റെ തലം എന്താണെന്ന് അറിയേണ്ടിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അതിന് ശേഷം മാത്രമേ എന്റെ പങ്കാളിത്തം സാദ്ധ്യമാക്കാൻ കഴിയൂ. ഇന്ധന പര്യവേക്ഷണത്തിൽ കൊല്ലം ജില്ലയുടെ സാദ്ധ്യതയെ കുറിച്ച് പറഞ്ഞുകേൾക്കുന്നുണ്ട്. എന്റെ നാടു കൂടിയാണ് കൊല്ലം. അതുമായി ബന്ധപ്പെട്ട എല്ലാ അവസരവും വിനിയോഗിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
അതേസമയം ശാസ്ത്രിഭവനിലെ പെട്രോളിയം മന്ത്രാലയത്തിലെത്തിയാണ് സുരേഷ് ഗോപി ചുമതലയേറ്റത്. പെട്രോളിയം, പ്രകൃതിവാക മന്ത്രി ഹർദീപ് സിങ് പുരി സുരേഷ് ഗോപിയെ സ്വീകരിച്ചു.
അതേസമയം കൊല്ലത്തിന്റെ ആഴക്കടലിൽ ക്രൂഡ് ഓയിൽ സാന്നിദ്ധ്യമുള്ള 18 ബ്ലോക്കുകൾ തിരിച്ചറിഞ്ഞതായി സൂചനയുണ്ടായിരുന്നു. കടലിന് നടുവിൽ ഇരുമ്പ് കൊണ്ട് കൂറ്റൻ പ്ലാറ്റ്‌ഫോം നിർമ്മിച്ചാകും ഖനനം. ഈ പ്ലാറ്റ്‌ഫോം വഴി കടലിന്റെ അടിത്തട്ടിലേക്ക് കൂറ്റൻ പൈപ്പ്‌ലൈനുകൾ കടത്തിവിടും. പര്യവേഷണത്തിനുള്ള ടെൻഡറും കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഓയിൽ ഇന്ത്യ ടെണ്ടർ ക്ഷണിച്ചിരുന്നു.
Discussion about this post