തൊടുപുഴ: വിവാഹം കഴിക്കാൻ പണം നൽകാത്തതിന്റെ വൈരാഗ്യത്തിൽ അച്ഛനെ തീവെച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. ഇടുക്കി മാങ്കുളത്താണ് സംഭവം. പാറേക്കുടിയിൽ തങ്കച്ചൻ അയ്യപ്പന്റെ കൊലപാതകത്തിൽ മകൻ ബിബൻ ആണ് അറസ്റ്റിലായത്. വിവാഹം കഴിക്കാൻ പണം നൽകാത്തതിന്റെ വൈരാഗ്യത്തിലാണ് കൊല നടത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ജീവനോടെ തീവെച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി. കൊലപാതകമാണെന്ന സംശയത്തിൽ മകനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് തങ്കച്ചനെ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്.
മകനുമായി തങ്കച്ചന് ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. മകൻ ഇന്നലെ വൈകിട്ടോടെ വീട്ടിൽ വരികയും അച്ഛനുമായി ചില പ്രശ്‌നങ്ങൾ ഉണ്ടായതായും നാട്ടുകാർ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ വിവരം പുറത്തറിഞ്ഞത്.












