കുവൈത്ത് സിറ്റി: കുവൈത്തിലെ ഫ്‌ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടവരിൽ 25 പേർ മലയാളികളെന്ന് വിവരം. ഇതിലുൾപ്പെട്ട കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീറിനെ(33) തിരിച്ചറിഞ്ഞു.തീപിടിത്തത്തിൽ ഇതുവരെ 49 പേർ മരിച്ചതായാണ് വിവരം. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. കുവൈത്ത് സിറ്റിയിലുണ്ടായ തീപിടിത്തം ദുഖകരമാണ്. എന്റെ ചിന്തകൾ അവരുടെ അടുത്തവരും പ്രിയപ്പെട്ടവരുമായ എല്ലാവരുടെയും കൂടെയാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കുവൈറ്റിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ദുരിതബാധിതരെ സഹായിക്കാൻ അവിടത്തെ അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
മംഗെഫ് ബ്ലോക്ക് നാലിൽ തൊഴിലാളികൾ താമസിക്കുന്ന എൻബിടിസി ക്യാംപിൽ ഇന്നു പുലർച്ചെ നാലരയോടെയായിരുന്നു തീപിടിത്തമുണ്ടായത്. കെട്ടിടത്തിലെ താമസക്കാരിൽ ഭൂരിഭാഗവും മലയാളികളാണെന്നാണു സൂചന. എൻബിടിസി കമ്പനിയിലെ തൊഴിലാളികളായ 195 പേർ ഇവിടെ താമസിച്ചിരുന്നു. രക്ഷപ്പെടാൻ ഉള്ള വ്യഗ്രതയിൽ തിക്കും തിരക്കും ഉണ്ടായി. രക്ഷപ്പെടാനായി കെട്ടിടത്തിനു പുറത്തേക്ക് ചാടി നട്ടെല്ലിന് പരിക്ക് പറ്റിയ നിരവധി പേർ ചികിത്സയിലാണ്. അഞ്ച് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.
Discussion about this post