കുവൈറ്റ് സിറ്റി : കുവൈറ്റിൽ ലേബർ ക്യാമ്പിൽ തീപിടുത്തം ഉണ്ടായതിന് കാരണം പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് നിഗമനം. കെട്ടിട നിർമ്മാണ തൊഴിലാളികൾ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലെ പാചകവാതക സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത് എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. തൊഴിലാളികൾ തലേദിവസം ജോലി കഴിഞ്ഞു വന്ന ക്ഷീണത്തിൽ ഉറങ്ങുകയായിരുന്നതിനാൽ പുലർച്ചെ ഉണ്ടായ അപകടം തിരിച്ചറിയാതിരുന്നത് മരണസംഖ്യ വർധിപ്പിച്ചതായാണ് കുവൈറ്റ് പോലീസിന്റെ കണ്ടെത്തൽ.
കുവൈറ്റിലെ തെക്കൻ അഹമ്മദി ഗവർണറേറ്റിലെ മംഗഫ് ഏരിയയിലെ ആറ് നില കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. കെട്ടിടത്തിൽ ഒരേ കമ്പനിയിലെ തൊഴിലാളികളായ 195 ഓളം പേർ ആയിരുന്നു താമസിച്ചിരുന്നത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാരാണ് ഇവർ. മരിച്ച ജീവനക്കാരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.
തീപിടുത്തത്തിൽ മരിച്ചവരിൽ 11 ഓളം പേരാണ് മലയാളികളായി ഉള്ളത് എന്നാണ് വിവരം. ഇവരിൽ ഒൻപത് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പന്തളം സ്വദേശി ആകാശ് എസ് നായർ (23), കൊല്ലം പൂയപ്പള്ളി സ്വദേശി ഉമറുദ്ദീൻ ഷമീർ (33), കാസർകോട് ചെർക്കള സ്വദേശി രഞ്ജിത് കുണ്ടടുക്കം, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി.മുരളീധരൻ, കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു (29), കൊല്ലം വെളിച്ചിക്കാല ലൂക്കോസ്(48), കോന്നി അട്ടച്ചാക്കൽ സജു വർഗീസ് (56), കൊല്ലം പുനലൂർ നരിക്കൽ സ്വദേശി സാജൻ ജോർജ്, കാസർകോട് തൃക്കരിപ്പൂർ സ്വദേശി പി.കുഞ്ഞിക്കേളു(58) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തത്തിൽ മരണപ്പെട്ട ഇന്ത്യക്കാരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ട് ലക്ഷം രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിൽ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 35 പേരിൽ 7 പേരുടെ നില ഗുരുതരമായി തുടരുകയാണ്.
Discussion about this post